ദില്ലി : ബിഹാർ മന്ത്രിയും യുവ നേതാവുമായ നിതിൻ നബീനെ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ദേശീയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റു. ദില്ലിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് നിതിൻ ചുമതലയേറ്റത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചടങ്ങില്‍ പങ്കെടുത്തു. നിതിൻ നബീൻ ജനുവരിയിൽ പുതിയ ബിജെപി അദ്ധ്യക്ഷനായി ചുമതലയേറ്റേക്കും എന്നാണ് റിപ്പോര്‍ട്ട്. പാർട്ടി പാർലമെന്ററി ബോർഡ് യോഗത്തിലാണ് സുപ്രധാന തീരുമാനം ഉണ്ടായത്. നിലവിലെ ദേശീയ അധ്യക്ഷനായ ജെ.പി. നഡ്ഡയുടെ കാലാവധി പൂർത്തിയായ പശ്ചാത്തലത്തിലാണ് പുതിയ നിയമനം. സംഘടനയുടെ ഉന്നത തലപ്പത്ത് യുവരക്തത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു തലമുറമാറ്റമായാണ് നേതൃത്വം ഈ നീക്കത്തെ കാണുന്നത്.
ബിഹാർ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ നിതിൻ നബീൻ പട്‌നയിലെ ബങ്കിപൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. 2006-ലെ ഉപതിരഞ്ഞെടുപ്പ് മുതൽ തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ വിജയിച്ച് വരുന്ന ഇദ്ദേഹം യുവമോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. യുവനേതാവെന്ന നിലയിലും സംഘടനാ തലത്തിൽ മികച്ച അനുഭവസമ്പന്നൻ എന്ന നിലയിലുമാണ് കേന്ദ്ര നേതൃത്വം അദ്ദേഹത്തെ പുതിയ പദവിയിലേക്ക് പരിഗണിച്ചത്. ബിജെപി ദേശീയ അധ്യക്ഷ പദവിയിലേക്ക് അദ്ദേഹമെത്തിയേക്കുമെന്ന സൂചനയും ഈ നിയമനത്തിലൂടെ ശക്തമായിരിക്കുകയാണ്.
പുതിയ ഉത്തരവാദിത്തം ഏറ്റെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുതിർന്ന നേതാക്കളോടുമുള്ള നന്ദി നിതിൻ നബീൻ അറിയിച്ചു. തന്റെ ഊർജ്ജസ്വലതയും അർപ്പണബോധവും പാർട്ടിയെ ബൂത്ത് തലം മുതൽ ദേശീയ തലം വരെ കൂടുതൽ ശക്തിപ്പെടുത്താൻ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുവ നേതാക്കളെ പാർട്ടിയുടെ ഉന്നത നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ പുതിയ ഊർജ്ജം നൽകാനുള്ള ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഈ നിയമനം വിലയിരുത്തപ്പെടുന്നത്.













