അതിജീവിതയെ അപമാനിച്ച കേസ്: രാഹുൽ ഈശ്വറിന് ജാമ്യം നിഷേധിച്ച് കോടതി; 14 ദിവസത്തേക്ക് റിമാൻഡ്

അതിജീവിതയെ അപമാനിച്ച കേസ്: രാഹുൽ ഈശ്വറിന് ജാമ്യം നിഷേധിച്ച് കോടതി; 14 ദിവസത്തേക്ക് റിമാൻഡ്

തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എ.സി.ജെ.എം.) കോടതി രാഹുല്‍ ഈശ്വറിന് ജാമ്യം നിഷേധിച്ച് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന കേസിലാണ് കോടതിയുടെ ഈ നിർണായക വിധി. തന്റെ അറസ്റ്റ് നിയമപരമല്ലെന്നും, അറസ്റ്റിന് ശേഷമാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതെന്നുമായിരുന്നു രാഹുൽ ഈശ്വർ കോടതിയിൽ ഉന്നയിച്ച പ്രധാന വാദം.

എന്നാൽ, ഈ വാദങ്ങളെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. അതിജീവിതയ്‌ക്കെതിരെ ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തിയ പ്രതിക്ക് ജാമ്യം നൽകരുതെന്നും, കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും, അദ്ദേഹത്തിന്റെ വീട്ടിലടക്കം പരിശോധന നടത്തി ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

കൂടാതെ, പ്രതി നിരന്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്ന വ്യക്തിയാണെന്നും തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലും എറണാകുളത്തുമായി ഇദ്ദേഹത്തിനെതിരെ നിലവിൽ രണ്ട് കേസുകൾ വീതം ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വിവിധ ജില്ലകളില്‍ മാറി മാറി താമസിക്കുന്ന പ്രതി ഒളിവില്‍ പോകാനുള്ള സാധ്യതയും പ്രോസിക്യൂഷൻ മുന്നോട്ട് വെച്ചു. ഈ ഗൗരവകരമായ വാദങ്ങൾ മുഖവിലയ്‌ക്കെടുത്ത കോടതി, രാഹുൽ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പോലീസ് പിടിച്ചെടുത്ത ലാപ്‌ടോപ്പും മൊബൈൽ ഫോണും വിശദമായി പരിശോധിക്കാനുള്ള സാവകാശവും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Share Email
LATEST
More Articles
Top