കോൺഗ്രസ് നിലപാട് വ്യക്തം; രാഹുലിനെ ആരും സംരക്ഷിക്കില്ല, എംഎൽഎ സ്ഥാനം രാജിവയ്ക്കാനും സമ്മർദം

കോൺഗ്രസ് നിലപാട് വ്യക്തം; രാഹുലിനെ ആരും സംരക്ഷിക്കില്ല, എംഎൽഎ സ്ഥാനം രാജിവയ്ക്കാനും സമ്മർദം

അതിവേഗത്തിൽ കോൺഗ്രസ് പാർട്ടിയുടെ നേതൃനിരയിലേക്ക് ഉയർന്നുവന്ന യുവനേതാവായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. പ്രശസ്തിയുടെ കൊടുമുടിയിൽ നിന്ന് അയാൾ അതിലേറെ വേഗതയിൽ മുഖംമടിച്ച് വീഴുന്ന കാഴ്ചയാണ് കേരളം കണ്ടത്. രാഹുലിനെ കൈപിടിച്ചുയർത്തിയവർ തന്നെ അയാളെ കൈവിട്ടു. കോൺഗ്രസ് പാർട്ടിയെ വല്ലാത്ത നാണക്കേടിലേക്ക് തള്ളിവിട്ട രാഹുലിൻ്റെ രാഷ്ട്രീയ ജീവിതം തന്നെ ചോദ്യമുനയിലാണ്.

ഇന്നും ഇന്നലെയുമല്ല, കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ രാഹുലിനെതിരേയുള്ള വിവാദങ്ങളില്‍ ഉലയുകയാണ് കോണ്‍ഗ്രസ്. ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമായതോടെ ആദ്യം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം പോയി, പിന്നാലെ മുഖംരക്ഷിക്കാന്‍ സസ്‌പെന്‍ഷന്‍. അതോടെ അവസാനിക്കുമെന്ന് കരുതിയ വിവാദങ്ങള്‍ സത്യത്തില്‍ അവിടുന്നങ്ങോട്ടാണ് കൂടുതല്‍ ചര്‍ച്ചയായത്. എന്നാല്‍ അന്നെല്ലാം ‘ഹൂ കെയേഴ്സ്’ എന്ന മനോഭാവമായിരുന്നു രാഹുലിന്. വോയിസ് റെക്കോഡുകളും വാട്സാപ്പ് ചാറ്റുകളും പുറത്തുവന്നപ്പോഴും നിയമപരമായി ഒരു തെറ്റും ചെയ്തില്ലെന്ന നിലപാടില്‍ രാഹുല്‍ ഉറച്ചുനിന്നു. ഒടുവില്‍ അതിജീവിതയായ യുവതി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൈമാറിയതോടെ കളി മാറി.

2024 ഡിസംബര്‍ നാലിന് പാലക്കാട് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത രാഹുൽ കൃത്യം ഒരുവര്‍ഷം പിന്നിട്ട 2025 ഡിസംബര്‍ 4ന് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട അതേ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ടു. ഒരു ലൈംഗിക പീഡനക്കേസില്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെടുന്ന ആദ്യ എംഎല്‍എ കൂടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി പിടിവള്ളിയൊന്നുമില്ലാതെ നില്‍ക്കുന്ന രാഹുല്‍ എംഎല്‍എ സ്ഥാനം എപ്പോള്‍ രാജിവെക്കുമെന്നാണ് ഇനി അറിയേണ്ടത്.

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാര്‍ട്ടിക്കുണ്ടായ തകരാറ് രാഹുലിന്റെ രാജിയിലൂടെ ഒരുപരിധി വരെയെങ്കിലും മറികടക്കാമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കേ രാഹുലിനെ ചുമക്കുന്നത് വലിയ ബാധ്യതയാണെന്ന തിരിച്ചറിവ് പാര്‍ട്ടിക്കുണ്ട്. ഇനിയൊരുപക്ഷേ സ്വയം രാജിവെക്കാന്‍ രാഹുല്‍ തയ്യാറായില്ലെങ്കില്‍ അധികംവൈകാതെ തന്നെ സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് കത്ത് നല്‍കുമെന്നാണ് സൂചന.

ആളുകളുടെ ഹൃദയം കീഴടക്കിയ സമരനായകനെന്ന് ഒരിക്കല്‍ രാഹുലിനെ വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തന്നെ രാഹുലിന്റെ നിശിത വിമര്‍ശകനായി. മാങ്കൂട്ടത്തിലിനൊപ്പം കോൺഗ്രസിൽ ആരുമില്ല. ലഭിച്ച പരാതികൾ എല്ലാം പൊലീസിന് കൈമാറിയ കോൺഗ്രസ്, ഇങ്ങനെ ചെയ്യാൻ സിപിഎമ്മിന് കഴിഞ്ഞിട്ടുണ്ടോ എന്ന ചോദ്യം കൂടി മുന്നോട്ടുവയ്ക്കുകയാണ്. ജാമ്യം കിട്ടിയിരുന്നെങ്കിൽ കൂടി കോൺഗ്രസിൻ്റെ തീരുമാനം മറ്റൊന്നാകുമായിരുന്നില്ല എന്നാണ് മുതിർന്ന നേതാക്കൾ വ്യക്തമാക്കുന്നത്. ജാമ്യം ലഭിക്കാത്തതിനാലല്ല, കേസ് റജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് പുറത്താക്കൽ എന്ന് നേതാക്കൾ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. രാഹുലിനെ പോലെ തന്നെ എംഎൽഎ ആയ മുകേഷിനെതിരെ സമാനമായ കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടും പരസ്യമായി തള്ളിപ്പറയാൻ പോലും സിപിഎം തയാറാട്ടില്ല എന്നത് ചർച്ചയാക്കാൻ കോൺഗ്രസ് ശ്രമിക്കും.

2006-ല്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് പഠന കാലത്താണ് കെ.എസ്.യുവിലൂടെ രാഹുല്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലെത്തുന്നത്.  2009 മുതൽ 2017 വരെ കെഎസ്‌യു പത്തനംതിട്ട ജില്ലാ സെക്രട്ടറി. 2017-ൽ ജില്ലാ പ്രസിഡന്റ്‌. 2017-18-ൽ സംസ്ഥാന ജനറൽ സെക്രട്ടറി. 2018 മുതൽ 21 വരെ എൻഎസ്‌യു ദേശീയ ജനറൽ സെക്രട്ടറി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി, പ്രസിഡന്റ്, 2020-ൽ കെപിസിസി അംഗം. 2023ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ. 2024ൽ പാലക്കാട് എംഎൽഎ. കോൺഗ്രസ് പാർട്ടിയുടെ നേതൃനിരയിലേക്ക് ഈ യുവനേതാവിന്റെ വളർച്ച ചെറിയ കാലയളവിനുള്ളിലായിരുന്നു.

കോൺഗ്രസ് വക്താവായി ചാനൽ ഫ്ലോറുകളിൽ ചർച്ചയ്ക്കെത്തി തുടങ്ങിയതോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന വ്യാപകമായി ശ്രദ്ധ നേടുന്നത്. നാവുക്കൊണ്ട് എതിരാളികളെ തകർക്കാനുള്ള കഴിവുകൊണ്ട് പാർട്ടിക്കുള്ളിൽ യുവനിരയുടെ ശബ്ദമായും നേതാവായും പെട്ടെന്ന് വളർന്ന രാഹുൽ മുതിർന്ന നേതാക്കളുടെയും പ്രിയപ്പെട്ടവനായി. വാക്കിന്റെ മൂർച്ച നഷ്ടപ്പെട്ട് സ്വയംപ്രതിരോധത്തിന് വാക്കുകളില്ലാതെ ഒടുവിൽ രാത്രിക്ക് രാത്രി ഓടിയൊളിച്ച രാഹുലിന്റെ പതനം നാണക്കേട് എന്നല്ലാതെ ഒന്നും പറയാനില്ല.

nobody in congress party will support Rahul mamkoottathil

Share Email
LATEST
More Articles
Top