ദില്ലി: എച്ച്ആർഡിഎസ് ഇന്ത്യയുടെ വീർ സവർക്കർ പുരസ്കാരം ഏറ്റുവാങ്ങാനായി തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ സംഗീത സംവിധായകൻ എം. ജയചന്ദ്രൻ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. പുരസ്കാരത്തിന് അർഹരായ മറ്റ് പ്രമുഖ മലയാളികളായ ശശി തരൂർ എംപി, കേന്ദ്ര മന്ത്രി വി. മുരളീധരൻ, റിട്ടയേർഡ് ഡിജിപി ജേക്കബ് തോമസ് എന്നിവർ ആരും തന്നെ ദില്ലിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തില്ല. പുരസ്കാരങ്ങൾ വിതരണം ചെയ്യേണ്ടിയിരുന്ന കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗും ചടങ്ങിൽ നിന്ന് വിട്ടുനിന്നു.
ശശി തരൂർ എംപിക്ക് സവർക്കർ പുരസ്കാരം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് വലിയ വിവാദം ഉയർന്നിരുന്നു. എന്നാൽ, താൻ ഈ അവാർഡിനെക്കുറിച്ച് മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും അവാർഡിന്റെ സ്വഭാവം എന്തെന്നോ, തരുന്ന സംഘടന ഏതെന്നോ അറിയാത്തതിനാൽ അവാർഡ് വാങ്ങുന്നതിനെക്കുറിച്ച് ചോദ്യമുദിക്കുന്നില്ലെന്നും തരൂർ എക്സിൽ കുറിച്ചിരുന്നു.
എന്നാൽ, ഒരു മാസം മുൻപ് തരൂരിനെ നേരിൽ കണ്ട് ക്ഷണിച്ചിരുന്നു എന്നും അദ്ദേഹം അവാർഡ് സമ്മതിച്ചതാണ് എന്നും എച്ച്ആർഡിഎസ് ഇന്ത്യ പ്രതികരിച്ചു. ദില്ലിയിലെ വസതിയിലെത്തിയാണ് ക്ഷണിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും സംഘടനയുടെ സെക്രട്ടറി അജി കൃഷ്ണൻ വ്യക്തമാക്കി.
സവർക്കർ പുരസ്കാരം: എം. ജയചന്ദ്രൻ മാത്രം ഏറ്റുവാങ്ങി; ശശി തരൂർ ഉൾപ്പെടെയുള്ള പ്രമുഖർ വിട്ടുനിന്നു
December 10, 2025 6:52 pm













