തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞുപോയി എന്ന് സി.പി.ഐ.എം. കേന്ദ്ര കമ്മിറ്റി അംഗവും എം.എൽ.എയുമായ കെ.കെ. ശൈലജ. അതിജീവിത അനുഭവിച്ച വേദനയ്ക്ക് അനുസരിച്ചുള്ള ശിക്ഷയായില്ല പ്രതികൾക്ക് ലഭിച്ചത്. ഒന്നാം പ്രതിക്ക് പോലും പരമാവധി ശിക്ഷ നൽകാത്തത് നിരാശാജനകമാണെന്നും കെ.കെ. ശൈലജ ഫേസ്ബുക്കിൽ കുറിച്ചു. എങ്കിലും കുറ്റകൃത്യം തെളിയിക്കാനായതിൽ അവർ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
കേസിൽ വിചാരണ കോടതിയുടെ വിധി ചോദ്യം ചെയ്ത് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കുമെന്നും അപ്പീൽ നൽകാനുള്ള നിയമവകുപ്പിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും കെ.കെ. ശൈലജ വ്യക്തമാക്കി. ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന വാദങ്ങൾക്കിടെയാണ് പ്രതികരണം. അതിജീവിതയ്ക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തിൽ എന്നും അവർക്കൊപ്പം ഉണ്ടാകുമെന്നും ശൈലജ കൂട്ടിച്ചേർത്തു.
.













