ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനവും വോട്ടര്‍പട്ടിക പ്രത്യേക തീവ്രപരിഷ്‌കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. എന്നാല്‍ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ മിന്നും ജയവുമായിട്ടാവും ഭരണപക്ഷം സഭയില്‍ ഇന്ന് പ്രതികരണങ്ങള്‍ നടത്തുക. എസ്‌ഐആര്‍ വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ സാധ്യതയില്ല. ഇതോടെ ഭരണ പ്രതിപക്ഷ വാക് പോരിന് സഭാതലം സാക്ഷ്യമാകും.
എസ്ഐആര്‍ വിഷയങ്ങള്‍ ചര്‍ച്ചചെയ്യണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികള്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു. എസ്ഐആര്‍ ചര്‍ച്ചചെയ്തില്ലെങ്കില്‍ സഭാനടപടികള്‍ തടസപ്പെടുത്തുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. പ്രതിപക്ഷത്തിന്റെ ആവശ്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് മറുപടി നല്‍കാമെന്നു
പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു.
ഡല്‍ഹി സ്‌ഫോടനം സുരക്ഷാ വീഴ്ച്ച ചൂണ്ടിക്കാട്ടി സഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷം പ്രധാനമായും ലക്ഷ്യമിടുന്നത്.ഈ സഭാ കാലയളവില്‍ ആണവോര്‍ജ ബില്‍, ഉന്നതവിദ്യാഭ്യാസ കമ്മിഷന്‍ ബില്‍ അടക്കമുള്ള ബില്ലുകളാണ് അവതരിപ്പിക്കുക. തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ചര്‍ച്ച ആവശ്യപ്പെട്ടു. കമീഷന്‍ പ്രവര്‍ത്തനത്തെ കുറിച്ച് മാത്രമായി ചര്‍ച്ച സാധ്യമല്ലെന്നും തെരഞ്ഞെടുപ്പുകളെ കുറിച്ച് പൊതുവില്‍ ചര്‍ച്ച പരിഗണിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആരോഗ്യമന്ത്രി ജെ പി നഡ്ഡ, പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു എന്നിവര്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ചു.
Parliament winter session begins today: Opposition to raise Delhi blasts and SIR in the House













