ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർ നിശ്ചിത പരിധിയിൽ കൂടുതൽ ലഗേജ് കൈവശം വെക്കുന്നുണ്ടെങ്കിൽ ഇനി മുതൽ അധിക തുക നൽകേണ്ടി വരുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. യാത്രക്കാരുടെ സൗകര്യവും സുരക്ഷയും മുൻനിർത്തിയാണ് ലഗേജ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്. പ്ലാറ്റ്‌ഫോമുകളിലും കോച്ചുകൾക്കുള്ളിലും യാത്രക്കാർ നേരിടുന്ന തിരക്കും ബുദ്ധിമുട്ടും ഒഴിവാക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.
നിലവിലെ നിയമപ്രകാരം, ഓരോ ക്ലാസിലും യാത്രക്കാർക്ക് സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന് നിശ്ചിത തൂക്കം നിശ്ചയിച്ചിട്ടുണ്ട്. സ്ലീപ്പർ ക്ലാസിൽ 40 കിലോ വരെയും, സെക്കൻഡ് ക്ലാസിൽ 35 കിലോ വരെയും സൗജന്യമായി കൊണ്ടുപോകാം. എസി ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് 70 കിലോ വരെയാണ് അനുമതിയുള്ളത്. എന്നാൽ ഈ പരിധി ലംഘിക്കുന്നവർക്ക് നിശ്ചിത തുക പിഴയായോ അധിക ചാർജ് ആയോ ഈടാക്കാനാണ് തീരുമാനം.
അമിതമായി ലഗേജ് കൊണ്ടുപോകുന്നത് കോച്ചുകളിലെ ഇടനാഴികളിലും വാതിലുകൾക്ക് സമീപവും തടസ്സമുണ്ടാക്കുന്നുണ്ടെന്ന് റെയിൽവേ മന്ത്രി ചൂണ്ടിക്കാട്ടി. ഇത് അടിയന്തര ഘട്ടങ്ങളിൽ യാത്രക്കാരുടെ സുരക്ഷയെ ബാധിക്കും. അതിനാൽ, കൂടുതൽ സാധനങ്ങൾ കൊണ്ടുപോകേണ്ടവർ പാർസൽ ഓഫീസ് വഴി ലഗേജ് ബുക്ക് ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വരും ദിവസങ്ങളിൽ സ്റ്റേഷനുകളിൽ പരിശോധന കർശനമാക്കാനാണ് റെയിൽവേ അധികൃതരുടെ നീക്കം.













