‘പ്രതിപക്ഷം എന്നാൽ നശീകരണ പക്ഷമാണെന്ന് സ്വയം വിശ്വസിക്കുന്നതിന്റെ ദുരന്തം, പ്രതിപക്ഷ നേതാവിന്റെ മറുപടി പരിതാപകരമെന്നും പിണറായിയുടെ വിമർശനം

‘പ്രതിപക്ഷം എന്നാൽ നശീകരണ പക്ഷമാണെന്ന്  സ്വയം വിശ്വസിക്കുന്നതിന്റെ ദുരന്തം, പ്രതിപക്ഷ നേതാവിന്റെ മറുപടി പരിതാപകരമെന്നും പിണറായിയുടെ വിമർശനം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിന് നൽകിയ മറുപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും രംഗത്ത്. ചോദിച്ച ഒരു ചോദ്യത്തിനുപോലും കൃത്യമായ ഉത്തരം നൽകാൻ കഴിയാതെ വസ്തുതാ വിരുദ്ധവും അബദ്ധജടിലവുമായ ആരോപണങ്ങൾ മാത്രം നിരത്തിയെന്ന് പിണറായി ആരോപിച്ചു. വിവിധ വികസന പദ്ധതികളോട് പ്രതിപക്ഷം സ്വീകരിച്ച നിലപാടുകൾ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രിയുടെ പോസ്റ്റിന് മറുപടി പറഞ്ഞ സതീശന്റെ പ്രതികരണത്തിന് പിന്നാലെയാണ് “ഇതിനെ പരിതാപകരം എന്നല്ലാതെ മറ്റെന്ത് വിശേഷിപ്പിക്കാനാകും” എന്ന് ചോദിച്ച് പിണറായി വിജയൻ വീണ്ടും ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.

മുഖ്യമന്ത്രിയുടെ പുതിയ കുറിപ്പ്

ഇന്നലെ പ്രതിപക്ഷ നേതാവിനോട് ചില ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. അതിന് മറുപടി എന്ന മട്ടിൽ അദ്ദേഹം ചില കാര്യങ്ങൾ ഇന്ന് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിനുപോലും ദൗർഭാഗ്യവശാൽ അതിൽ ഉത്തരം കാണുന്നില്ല. പകരം വസ്തുതാ വിരുദ്ധവും അബദ്ധ ജഡിലവുമായ കുറെ കാര്യങ്ങൾ നിരത്തുകയാണ്. ഞാൻ ഉന്നയിച്ച ഒരു വിഷയത്തിന് പോലും കൃത്യമായ മറുപടി പറയാൻ കഴിയാത്തതിനെ പരിതാപകരം എന്നേ വിശേഷിപ്പിക്കാനാകൂ.

പ്രതിപക്ഷം എന്നാൽ നശീകരണ പക്ഷമാണ് എന്ന് സ്വയം വിശ്വസിക്കുന്നതിന്റെ ദുരന്തമാണ് ഇത്.
എന്തിനെയും എതിർക്കുക എന്നത് നയമായി സ്വീകർച്ചവർക്ക് ഓരോ വിഷയത്തിലും സ്വീകരിച്ച നിലപാടുകളെ പിന്നീട് ന്യായീകരിക്കാൻ കഴിയില്ല.

ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

ലൈഫ് മിഷന്‍, വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത, തീരദേശ ഹൈവേ, ക്ഷേമ പെന്‍ഷന്‍,
ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ്ലൈന്‍, കിഫ്ബി, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി, കേരള ബാങ്ക്, കെ ഫോണ്‍, ചൂരല്‍മല-മുണ്ടക്കൈ,
കെ-റെയില്‍ എന്നീ വിഷയങ്ങളിൽ പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ നിലപാട് എന്ത്, ഇതിനു മുൻപ് സ്വീകരിച്ചതിൽ ഉറച്ചു നിൽക്കുന്നുണ്ടോ എന്നതാണ് അക്കമിട്ടുള്ള ചോദ്യം. അവയ്ക്കുള്ള മറുപടി പ്രതീക്ഷിക്കുന്നു.

Share Email
LATEST
More Articles
Top