പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ ഒമാൻ സന്ദർശനത്തിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് മോദിക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ഒമാൻ’ സമ്മാനിച്ചു. മസ്കറ്റിലെ അൽ ബറക കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യയും ഒമാനും തമ്മിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഒപ്പുവച്ചു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൽ ഉത്പന്നങ്ങൾക്ക് തീരുവ കുറയുകയോ ഇല്ലാതാവുകയോ ചെയ്യും. ഇന്ത്യ-ഒമാൻ നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികത്തിലാണ് ഈ സന്ദർശനം നടക്കുന്നത്.
ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത മോദി മലയാളത്തിൽ സംസാരിച്ച് ശ്രദ്ധ നേടി. സദസ്സിൽ ധാരാളം മലയാളികളുണ്ടെന്ന് പറഞ്ഞ ശേഷം ‘സുഖമാണോ?’ എന്ന് ചോദിച്ച് പ്രധാനമന്ത്രി കുശലം അന്വേഷിച്ചു. ഒമാനിൽ ‘മിനി ഇന്ത്യ’ കാണാൻ കഴിഞ്ഞുവെന്നും മലയാളികൾ മാത്രമല്ല, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി ഭാഷക്കാർ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ഇവിടെയുണ്ടെന്നും മോദി പറഞ്ഞു.
ഒമാൻ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ മദീനത്തുൽ ഇർഫാൻ തിയറ്ററിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ സമൂഹത്തോട് സംവദിച്ച മോദി, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് ഉറപ്പ് നൽകി. ഈ സന്ദർശനം വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാനുള്ള അവസരമാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു.













