തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ കേസിലെ പ്രതി മാർട്ടിൻ ആന്റണിക്കെതിരെ പൊലീസ് കേസെടുക്കും. തനിക്കെതിരെ സൈബർ ആക്രമണം നടത്തിയെന്നും വീഡിയോ സന്ദേശത്തിലൂടെ അപമാനിച്ചുവെന്നും കാണിച്ച് അതിജീവിത നൽകിയ പരാതിയിലാണ് നടപടി. പരാതി പരിശോധിച്ച ശേഷം ഉടൻ കേസെടുക്കാൻ തൃശൂർ റെയിഞ്ച് ഡി.ഐ.ജി. സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.
അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ നകുൽ ദേശ്മുഖ് അറിയിച്ചു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മാർട്ടിൻ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ അതിജീവിതയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടെന്നാണ് ആരോപണം. ഈ പരാതി അന്വേഷണസംഘം വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
വിചാരണക്കോടതി വിധി വന്നതിന് പിന്നാലെ പ്രതിഭാഗത്തുനിന്നും അവർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നവരിൽ നിന്നും അതിജീവിതയ്ക്കെതിരെ സൈബർ ഇടങ്ങളിൽ വലിയ തോതിലുള്ള ആക്രമണം നടക്കുന്നതായി പരാതി ഉയർന്നിരുന്നു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനിടയിൽ ഇത്തരം അധിക്ഷേപങ്ങൾ നടക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് അതിജീവിതയെ പിന്തുണയ്ക്കുന്നവരുടെ നിലപാട്. ഈ സാഹചര്യത്തിൽ പൊലീസിന്റെ പുതിയ നീക്കം കേസിൽ നിർണായകമാണ്.













