ഗർഭിണിയെ പോലീസ് സ്റ്റേഷനിൽ മർദ്ദിച്ച സംഭവം: മുഖ്യമന്ത്രിയുടെ ഇടപെടൽ; ഡിജിപിക്ക് അടിയന്തര നടപടിക്ക് നിർദ്ദേശം

ഗർഭിണിയെ പോലീസ് സ്റ്റേഷനിൽ മർദ്ദിച്ച സംഭവം: മുഖ്യമന്ത്രിയുടെ ഇടപെടൽ; ഡിജിപിക്ക് അടിയന്തര നടപടിക്ക് നിർദ്ദേശം

കൊച്ചി: പോലീസ് സ്റ്റേഷനുള്ളിൽ വെച്ച് ഗർഭിണിയായ യുവതിയെ എസ്എച്ച്ഒ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടു. കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഡിജിപിക്ക് നിർദ്ദേശം നൽകി. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ 2024-ൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നതിന് പിന്നാലെയാണ് സർക്കാരിന്റെ കർശന നടപടി.

നിലവിൽ അരൂർ എസ്എച്ച്ഒ ആയി സേവനമനുഷ്ഠിക്കുന്ന പ്രതാപചന്ദ്രൻ ആണ് യുവതിയെ മർദ്ദിച്ചത്. പോലീസ് കസ്റ്റഡിയിലെടുത്തയാളുടെ ഭാര്യയായ ഷൈമോൾ എൻ.ജെ എന്ന യുവതിയെ ഇയാൾ മുഖത്തടിക്കുകയും നെഞ്ചിൽ പിടിച്ച് തള്ളുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വനിതാ പോലീസുകാർ ഉൾപ്പെടെ നോക്കിനിൽക്കെയായിരുന്നു ഈ അതിക്രമം. മർദ്ദനമേറ്റ ഷൈമോൾ ദീർഘകാലമായി നിയമപോരാട്ടത്തിലായിരുന്നു. ഒടുവിൽ കോടതി ഉത്തരവിലൂടെയാണ് മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ യുവതിക്ക് ലഭിച്ചത്.

സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഡിജിപി നിർദ്ദേശം നൽകി. ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഉദ്യോഗസ്ഥനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികൾ ഉണ്ടായേക്കും. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമായിട്ടും ദൃശ്യങ്ങൾ ലഭിക്കാൻ യുവതിക്ക് കോടതിയെ സമീപിക്കേണ്ടി വന്നത് പോലീസിനെതിരെ വലിയ വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.

Share Email
LATEST
More Articles
Top