തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപിയുടെ ചരിത്ര വിജയം ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചതിനൊപ്പമാണ് ഇക്കാര്യം മോദി വ്യക്തമാക്കിയത്. കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷമാണിതെന്നും തലസ്ഥാന നഗരിയുടെ വിജയം വലിയ നേട്ടമാണെന്നും മോദി പറഞ്ഞു. 1987-ൽ അഹമ്മദാബാദ് പിടിച്ചെടുത്തതുപോലെ ഗുജറാത്തിൽ ഭരണം നേടിയതിന് സമാനമായി കേരളത്തിലും പുതിയ അധ്യായം തുറക്കുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വൈകാതെ തിരുവനന്തപുരത്തെത്തുമെന്നും വികസന രൂപരേഖ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ദേശീയ നേതാക്കളായ ജെ.പി. നദ്ദ, അമിത് ഷാ എന്നിവരും തലസ്ഥാന വിജയത്തിന് അഭിനന്ദനമറിയിച്ച് സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ ഫോൺ കോൾ. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തന്നെ തലസ്ഥാനം പിടിച്ചാൽ പ്രധാനമന്ത്രി വികസന പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോൾ അത് യാഥാർഥ്യമാകുന്നതോടെ നഗരവികസനത്തിന് കേന്ദ്രഫണ്ട് ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
എൽഡിഎഫിന്റെ ദശകങ്ങൾ നീണ്ട ഭരണം അവസാനിപ്പിച്ച് എൻഡിഎയുടെ ആദ്യ കോർപ്പറേഷൻ ഭരണമാണ് തിരുവനന്തപുരത്ത്. കേരളത്തിലെ ബിജെപി പ്രവർത്തകരുടെ ദീർഘകാല പോരാട്ടത്തിന്റെ ഫലമാണിതെന്ന് മോദി ഓർമിപ്പിച്ചു. വിജയം വികസിത കേരളത്തിനുള്ള ജനങ്ങളുടെ അംഗീകാരമാണെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.













