മോസ്കോ: യുക്രെയ്ൻ അധിനിവേശത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ. സമാധാന ചർച്ചകൾക്കായി നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടത്തുന്ന നീക്കങ്ങൾക്കിടെയാണ് തന്‍റെ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന വ്യക്തമായ സൂചന പുടിൻ നൽകിയത്. പിടിച്ചെടുത്ത യുക്രെയ്ൻ പ്രദേശങ്ങൾ വിട്ടുനൽകില്ലെന്നും റഷ്യയുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം സൈനിക നടപടിയിലൂടെ തന്നെ ലക്ഷ്യം കാണുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു പുടിൻ. “തർക്കവിഷയങ്ങൾ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കാനാണ് ഞങ്ങൾ താല്പര്യപ്പെടുന്നത്. എന്നാൽ എതിരാളികളോ അവരുടെ വിദേശ പിന്തുണക്കാരോ അർത്ഥവത്തായ ചർച്ചകൾക്ക് തയ്യാറല്ലെങ്കിൽ, റഷ്യയുടെ ചരിത്രപരമായ ഭൂപ്രദേശങ്ങൾ സൈനിക മാർഗ്ഗങ്ങളിലൂടെ ഞങ്ങൾ മോചിപ്പിക്കും,” പുടിൻ പറഞ്ഞു. യുക്രെയ്ന്റെ യൂറോപ്യൻ സഖ്യകക്ഷികളെ കടുത്ത ഭാഷയിൽ വിമർശിച്ച അദ്ദേഹം, സമാധാന ചർച്ചകളിലെ പ്രധാന തടസ്സം റഷ്യ അവകാശപ്പെടുന്ന പ്രദേശങ്ങൾ വിട്ടുകൊടുക്കാൻ യുക്രെയ്ൻ തയ്യാറാകാത്തതാണെന്നും കൂട്ടിച്ചേർത്തു.
യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നയതന്ത്ര ശ്രമങ്ങൾ ഊർജിതമാക്കുന്നതിനിടെയുള്ള പുടിന്റെ ഈ പ്രസ്താവന ചർച്ചകളെ പ്രതിസന്ധിയിലാക്കിയേക്കാം. തങ്ങളുടെ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ വെടിനിർത്തലിന് തയ്യാറാകൂ എന്ന ഉറച്ച നിലപാടിലാണ് റഷ്യ. യുക്രെയ്ന്റെ കിഴക്കൻ മേഖലകളിലുള്ള തങ്ങളുടെ പിടിമുറുക്കാനാണ് റഷ്യ നിലവിൽ ശ്രമിക്കുന്നത്.













