തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിലെ അതിജീവിതയെ സൈബർ ഇടങ്ങളിൽ അധിക്ഷേപിച്ച കേസിൽ 16 ദിവസത്തെ റിമാൻഡിനു ശേഷം രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജയിലിനു പുറത്ത് കാത്തുനിന്ന മെൻസ് അസോസിയേഷൻ പ്രവർത്തകർ രാഹുലിനെ പൂമാലയിട്ട് ആവേശത്തോടെ സ്വീകരിച്ചു.
പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച രാഹുൽ ഈശ്വർ, തനിക്കെതിരായ പരാതി വ്യാജമാണെന്നും നോട്ടീസ് നൽകാതെയാണ് അറസ്റ്റ് ചെയ്തതെന്നും ആരോപിച്ചു. ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ ക്യാമ്പയിൻ നടത്തുന്നത് തടയാനുള്ള രാഷ്ട്രീയ നീക്കമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കേസിനെക്കുറിച്ച് കൂടുതൽ സംസാരിക്കരുതെന്ന കോടതി നിർദേശം ഉണ്ടെങ്കിലും സത്യത്തിനുവേണ്ടിയുള്ള പോരാട്ടമാണ് നടത്തുന്നതെന്ന് രാഹുൽ വ്യക്തമാക്കി.
താൻ പോരാടുന്നത് മെൻസ് കമ്മീഷനുവേണ്ടിയാണെന്നും കള്ളക്കേസുകളിൽ ആൺകുട്ടികളെ കുടുക്കരുതെന്നുമുള്ള സന്ദേശം നൽകി രാഹുൽ മകനെ മാധ്യമങ്ങൾക്ക് മുൻപിൽ നിർത്തി. ഉമ്മൻ ചാണ്ടിക്കും ദിലീപിനും നിവിൻ പോളിക്കും നീതി കിട്ടാത്ത നാട്ടിൽ സാധാരണക്കാർക്ക് നീതി ലഭിക്കുമോ എന്ന ചോദ്യവും അദ്ദേഹം ഉയർത്തി. ഭാര്യയും അഭിഭാഷകനും കൂടുതൽ സംസാരിക്കരുതെന്ന് വിലക്കിയെങ്കിലും രാഹുൽ തുടർന്നു.













