രാഹുൽ മാങ്കൂട്ടത്തിനെതിരെ ബലാൽസംഗ പരാതി നൽകിയ പെൺകുട്ടിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന് ഒടുവിൽ ജാമ്യം ലഭിച്ചു. കേസിൽ അറസ്റ്റിലായി 16 ദിവസത്തെ റിമാൻഡിനുശേഷമാണ് രാഹുൽ ഈശ്വറിന് ഇന്ന് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയിൽ ഇന്ന് വാദം പൂർത്തിയായ ശേഷമാണ് ഉച്ചയ്ക്കുശേഷം അനുകൂലമായ വിധി വന്നത്.
കോടതി രാഹുൽ ഈശ്വറിന് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. സാക്ഷികളെ സ്വാധീനിക്കരുത്, മറ്റു കേസുകളിൽ അകപ്പെടാൻ പാടില്ല തുടങ്ങിയവയാണ് പ്രധാന ഉപാധികൾ. ഈ ഉപാധികൾ കർശനമായി പാലിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അറസ്റ്റിലായ ശേഷം രാഹുൽ ഈശ്വർ റിമാൻഡിലായിരുന്നു. ജാമ്യ ഹർജിയെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി, അദ്ദേഹത്തെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.













