കൊച്ചി : ബലാത്സംഗക്കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. നിലവിൽ ഒളിവിൽ തുടരുന്ന രാഹുൽ, തനിക്കെതിരായ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്നും, രാഷ്ട്രീയ ഗൂഢാലോചനയാണ് പരാതിക്ക് പിന്നിലെന്നും ഹർജിയിൽ പറയുന്നു.
സെഷൻസ് കോടതിയുടെ ഉത്തരവിൽ പിഴവുണ്ടെന്നും, പരാതിക്കാരിക്കെതിരായ തെളിവുകൾ പരിഗണിച്ചില്ലെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലെ പ്രധാന വാദങ്ങൾ. താൻ നിരപരാധിയാണെന്നും, അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും രാഹുൽ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് സെഷൻസ് കോടതി നേരത്തെ മുൻകൂർ ജാമ്യം നിഷേധിച്ചത്.
കേസ് പരിഗണിക്കുന്നത് നാളത്തേക്ക് (ശനിയാഴ്ച) മാറ്റിയിരിക്കുകയാണ്.
അതേസമയം, ഒൻപത് ദിവസമായി ഒളിവിൽ കഴിയുന്ന രാഹുലിനായി കർണാടകയിൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചെന്ന് കരുതുന്ന പേഴ്സണൽ അസിസ്റ്റന്റിനെയും ഡ്രൈവറെയും പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ, രാഹുലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.













