ഫാ. ഡോ ജേക്കബ് കട്ടക്കൽ അന്തരിച്ചു

ഫാ. ഡോ ജേക്കബ് കട്ടക്കൽ അന്തരിച്ചു

കോട്ടയം: 2001 ൽ കാലിഫോര്‍ണിയയിലെ ഓറഞ്ച് കൗണ്ടിയിലെ സെന്റ് തോമസ് സിറോ മലബാര്‍ കാത്തലിക് മിഷന്റെ (ഇപ്പോൾ ഫൊറോനാ ദേവാലയം) സ്ഥാപക വികാരിയായിരുന്ന ഫാ. ഡോ. ജേക്കബ് കട്ടയ്ക്കല്‍ അന്തരിച്ചു. 96 വയസായിരുന്നു. സംസ്കാരം അറക്കുളം സെന്റ് തോമസ് ചർച്ചിൽ നടത്തി. പാലാ രൂപത വൈദികനും കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി പ്രഫസറുമായിരുന്നു. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അടക്കം വിവിധ ബിഷപ്പുമാരുടെ അധ്യാപകനാണ്. ഒട്ടേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. വിവിധ ഭാഷാ പണ്‌ഡിതൻ, ഗ്രന്ഥകർത്താവ്, പ്രഭാഷകൻ എന്നിങ്ങനെ വിവിധ നിലകളിൽ അറിയപ്പെടുന്ന വ്യക്തിയായിരുന്നു.

ഭരണങ്ങാനത്തിന് സമീപം ഇടമറ്റത്ത് കട്ടയ്ക്കൽ കുടുംബത്തിൽ തോമസ് – എലിസബത്ത് ദമ്പതികളുടെ മൂന്നാമത്തെ മകനായി ജനിച്ച ഫാ.ജേക്കബിൻ്റെ കുടുംബം പിന്നീട് മൂലമാറ്റത്തിനടുത്തേക്ക് താമസം മാറ്റി. 1958ൽ പാലായിൽ വെച്ച് മാർ സെബാസ്റ്റ്യൻ വയലിൽനിന്ന് വൈദികപട്ടം സ്വീകരിച്ചു.റോമിൽ നിന്ന് 1965 ൽ തിയോളജിയിൽ ഡോക്ട‌റേറ്റ് (S.T.D. or DD) നേടി. ഇതിനിടെ (1961-63) ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ ചേർന്ന് പഠിച്ച് സംസ്കൃതത്തിലും ഇന്ത്യൻ ഫിലോസഫിയിലും എം.എ. ബിരുദവും നേടി. കേരളയൂണി വേഴ്സിറ്റിയിൽനിന്ന് രണ്ടാമതൊരു പിഎച്ച്ഡി കൂടി നേടി.

1986 ൽ കേരളാ യൂണിവേഴ്‌സിറ്റി തിരുവനന്തപുരത്ത് (കാര്യവട്ടത്ത്) വേദാന്തസെന്റർ ആരംഭിച്ചപ്പോൾ അവിടെ അസോസിയേറ്റ് പ്രൊഫസറുടെ ഗ്രേഡിൽ റിസേർച്ച് അസോസിയേറ്റ് ആയി. ശങ്കര വേദാന്തത്തെക്കുറിച്ച് ഒരു ഗഹനഗ്രന്ഥം രചിക്കുകയും ചെയ്‌തു. 1993 മുതൽ 1997 വരെ ആന്ധ്രാപ്രദേശിലെ ഖമ്മം മേജർ സെമിനാരിയിലും തിരുവനന്തപുരത്ത് മലങ്കര മേജർ സെമിനാരിയിലും വൈദിക വിദ്യാർത്ഥികളെ പഠിപ്പിച്ചു. 1999 മുതൽ അമേരിക്കയിലായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി 80 ലേറെ ഗ്രന്ഥങ്ങൾ അച്ചൻ രചിച്ചിട്ടുണ്ട്. ആൾ ഇന്ത്യാ ഫിലോസഫി കോൺഗ്രസ്സ്, കേരളസാഹിത്യ അക്കാഡമി, അഖിലകേരള കത്തോലിക്കാ കോൺഗ്രസ്സ്, കേരള ക്രൈസ്‌തവ സാഹിത്യ അക്കാഡമി, മേരിവിജയം തുടങ്ങിയ അവാർഡുകൾ അച്ചൻ്റെ ഗ്രന്ഥങ്ങൾക്ക് ലഭിച്ചു.

Rev. Fr. Dr Jacob Kattakal passed away

Share Email
LATEST
More Articles
Top