രാജ്യവ്യാപകമായി ഒരാഴ്ചയോളം നീണ്ട വിമാന സർവീസ് തടസ്സങ്ങളെ തുടർന്ന് യാത്രക്കാർക്ക് തിരികെ നൽകാനുള്ള തുക ഇൻഡിഗോ എയർലൈൻസ് അനുവദിച്ചു തുടങ്ങി. പ്രശ്നം രൂക്ഷമാവുകയും കേന്ദ്ര സർക്കാർ കർശനമായ അന്തിമ നിർദ്ദേശം നൽകുകയും ചെയ്തതോടെയാണ് ഇൻഡിഗോ റീഫണ്ട് നടപടികൾ വേഗത്തിലാക്കിയത്.
വിമാനങ്ങൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടനുഭവിച്ച യാത്രക്കാർക്ക് ആകെ ₹610 കോടി രൂപയുടെ റീഫണ്ട്ഇതിനോടകം അനുവദിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. കൂടാതെ, യാത്രാ തടസ്സങ്ങൾക്കിടെ വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയ 3,000-ത്തോളം ലഗേജുകൾ ഉടമകൾക്ക് കൈമാറിയതായും മന്ത്രാലയം വ്യക്തമാക്കി. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് ഉടൻ പരിഹാരം കാണണമെന്നും ടിക്കറ്റ് റീഷെഡ്യൂൾ ചെയ്യുന്നതിന് ഫീസ് ഈടാക്കരുതെന്നും കേന്ദ്രം ഇൻഡിഗോക്ക് നിർദ്ദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇൻഡിഗോയുടെ ഭാഗത്തുനിന്ന് റീഫണ്ട് നടപടികൾ വേഗത്തിലാക്കിയത്.












