ഇന്ത്യൻ രൂപ ഡോളറിനെതിരെ ചരിത്രത്തിലാദ്യമായി 91ന് താഴേക്ക് കൂപ്പുകുത്തി. വ്യാപാരത്തിനിടെ ഒരു ഘട്ടത്തിൽ 36 പൈസ ഇടിഞ്ഞ് 91ൽ എത്തിയ രൂപയുടെ മൂല്യം ഈ മാസം തന്നെ 92ലേക്കും വീഴാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഇന്നലെ 29 പൈസയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഏഷ്യൻ കറൻസികളിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്നത് ഇന്ത്യൻ രൂപയാണ്.
ഇന്ത്യ-യുഎസ് വാണിജ്യ ചർച്ചകളിൽ കാര്യമായ പുരോഗതി ഇല്ലാത്തതും വിദേശ നിക്ഷേപകരുടെ ഓഹരി, ബോണ്ട് വിൽപനയും രൂപയുടെ വീഴ്ചയ്ക്ക് പ്രധാന കാരണങ്ങളായി. വിദേശ നിക്ഷേപകർ ഈ വർഷം ഇതുവരെ 1800 കോടി ഡോളറിന്റെ ഓഹരികൾ വിറ്റഴിച്ചു. ആർബിഐ വിപണിയിൽ ഇടപെട്ടില്ലെങ്കിൽ രൂപയുടെ മൂല്യം ഇതിലും താഴേക്ക് പോകുമായിരുന്നുവെന്നാണ് പൊതുവിലയിരുത്തൽ.
ഈ വർഷം ഇതുവരെ രൂപയുടെ മൂല്യം 6 ശതമാനത്തിലധികം ഇടിഞ്ഞു. രൂപയുടെ ഈ ശോഷണം വിദേശ നാണ്യ ശേഖരത്തെയും ബാധിച്ചു. സെപ്റ്റംബറിലെ റെക്കോർഡ് നിലയായ 73,000 കോടി ഡോളറിൽനിന്ന് കഴിഞ്ഞ ആഴ്ചകളിൽ 68,730 കോടി ഡോളറിലേക്ക് ഇടിഞ്ഞു.
ആർബിഐയുടെ ഇടപെടലുകൾ രൂപയെ താങ്ങിനിർത്തുന്നുണ്ടെങ്കിലും വിദേശ നിക്ഷേപകരുടെ തുടർച്ചയായ വിൽപനയും ഡോളർ ശക്തി പ്രാപിക്കുന്നതും വെല്ലുവിളിയാകുന്നു. വിപണി വിദഗ്ധർ ഹ്രസ്വകാലത്തിൽ രൂപയ്ക്ക് കൂടുതൽ സമ്മർദം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകുന്നു.













