തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം (SIT). തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം വിജയകുമാറിനെ എസ്.ഐ.ടി അറസ്റ്റ് ചെയ്തു. എ. പത്മകുമാർ പ്രസിഡന്റായിരുന്ന മുൻ ഭരണസമിതിയിൽ അംഗമായിരുന്നു വിജയകുമാർ. കേസിൽ അന്വേഷണം ബോർഡ് അംഗങ്ങളിലേക്ക് നീളാത്തതിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സ്വർണ്ണപ്പാളികൾ കൈമാറിയതിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. മുൻ ബോർഡ് അംഗങ്ങളായ കെ.പി. ശങ്കർദാസ്, വിജയകുമാർ എന്നിവരെ എന്തുകൊണ്ട് ഒഴിവാക്കി എന്നായിരുന്നു കോടതിയുടെ ചോദ്യം. അറസ്റ്റ് സാധ്യത മുന്നിൽക്കണ്ട് വിജയകുമാറും ശങ്കർദാസും മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് വിജയകുമാറിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
നേരത്തെ ഈ കേസിൽ മുൻ പ്രസിഡന്റുമാരായ എ. പത്മകുമാർ, എൻ. വാസു എന്നിവരെ എസ്.ഐ.ടി അറസ്റ്റ് ചെയ്തിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളികൾ കൈമാറിയതിൽ ബോർഡ് അംഗങ്ങൾക്കും പങ്കുണ്ടെന്ന് പത്മകുമാർ മൊഴി നൽകിയിരുന്നു. സ്വർണത്തിന് പകരം ചെമ്പ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് ഇപ്പോൾ ഉന്നതർ ഓരോരുത്തരായി പിടിയിലാകുന്നത്. വിഷയത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന.













