കോൺഗ്രസ് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി കോൺഗ്രസ് നേതാവും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ സന്ദീപ് വാര്യർ. യുവതിയുടെ പരാതിയെ തുടർന്ന് തിരുവനന്തപുരം സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സന്ദീപ് വാര്യർ നാലാം പ്രതിയായി ഉൾപ്പെട്ടിട്ടുള്ളത്. അറസ്റ്റ് ഭയന്നാണ് നേതാവ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അഭിഭാഷകൻ വഴി അപേക്ഷ സമർപ്പിച്ചത്. ഈ കേസിൽ നേരത്തെ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തൽ, ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് സന്ദീപ് വാര്യർക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാൽ, അതിജീവിതയുടെ സ്വകാര്യ വിവരങ്ങൾ താൻ മനഃപൂർവം വെളിപ്പെടുത്തിയിട്ടില്ലെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ സന്ദീപ് വാര്യർ വാദിക്കുന്നത്. യുവതിയുടെ വിവാഹ സമയത്ത് എടുത്ത ആശംസാ പോസ്റ്റ്, ഒരു വർഷം മുൻപ് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റ് മറ്റ് ചിലർ ദുരുപയോഗം ചെയ്യുകയായിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഫോട്ടോ ഡിലീറ്റ് ചെയ്തെന്നും, അതിജീവിതയെ അപമാനിക്കുന്ന ഒരു പ്രവർത്തിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ജാമ്യാപേക്ഷയിൽ വിശദീകരിക്കുന്നു.
അതേസമയം, കേസിൽ ഒന്നാം പ്രതി മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കലാണ്. അഞ്ചാം പ്രതിയായ രാഹുൽ ഈശ്വറിന്റെ അറസ്റ്റിന് പിന്നാലെ, ഈ കേസിൽ പ്രതിചേർക്കപ്പെട്ട മറ്റ് നേതാക്കളെയും ചോദ്യം ചെയ്യാനായി പ്രത്യേക അന്വേഷണ സംഘം നീക്കം നടത്തുന്നതിനിടെയാണ് സന്ദീപ് വാര്യർ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. ഇതിനിടെ, ലൈംഗിക പീഡന പരാതിയിൽ കേസെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ഇപ്പോഴും ഒളിവിലാണ്. എം.എൽ.എയെ കണ്ടെത്താനായി പാലക്കാട്, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ പോലീസ് വ്യാപകമായ തിരച്ചിൽ തുടരുകയാണ്.













