യമനിലെ സൗദിയുടെ വ്യോമാക്രമണം: സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കാന്‍ യുഎഇ; സൗദി -യുഎഇ ബന്ധം വഷളാകുന്നു

യമനിലെ സൗദിയുടെ വ്യോമാക്രമണം: സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കാന്‍ യുഎഇ; സൗദി -യുഎഇ ബന്ധം വഷളാകുന്നു

ദുബായ്: യമനിലെ വിഘടനവാദി നിയന്ത്രണത്തിലുള്ള തുറമുഖത്തിന് നേരെ സൗദി അറേബ്യ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ, യമനില്‍ അവശേഷിക്കുന്ന തങ്ങളുടെ മുഴുവന്‍ സൈന്യത്തെയും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഎഇ .24 മണിക്കൂറിനുള്ളില്‍ യുഎഇ സൈനികരെ പൂര്‍ണമായും യമനില്‍ നിന്നും പിന്‍വലിക്കുമെന്നു പ്രഖ്യാപിച്ചു.

യുഎഇ സൗദി പോരിലേക്ക് ഇപ്പോള്‍ സംഭവം മാറിയിരിക്കയാണ്്. യമനില്‍ വിമത സേനയുടെ അധീനതയിലുളള മക്കല്ല തുറമുഖത്താണ് സൗദി ബോംബാക്രമണം നടത്തിയത്. യുഎഇ കപ്പലില്‍ ആയുധങ്ങള്‍ എത്തിച്ചുവെന്നാരോപിച്ചായിരുന്നു ആക്രമണം. യുഎഇയുമായി ബന്ധമുള്ള ആയുധങ്ങള്‍ ഈ തുറമുഖത്ത് എത്തിയതായും ഇത് തങ്ങളുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും സൗദി ആരോപിച്ചു.
എന്നാല്‍ ഈ ആരോപണം യുഎഇ നിഷേധിച്ചു.

കപ്പലിലുണ്ടായിരുന്നത് ആയുധങ്ങളല്ലെന്നും തങ്ങളുടെ സൈന്യത്തിന് വേണ്ടിയുള്ള സാമഗ്രികളാണെന്നും യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇതിനിടെ ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നയതന്ത്ര നീക്കങ്ങള്‍ ആരംഭിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സൗദി, യുഎഇ വിദേശകാര്യ മന്ത്രിമാരുമായി ഫോണില്‍ സംസാരിച്ചു.

കുവൈറ്റ്, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചകള്‍ ആവശ്യമാണെന്ന് വ്യക്തമാക്കി. സൗദി അറേബ്യയുടെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെയും സുരക്ഷ തങ്ങളുടെ സുരക്ഷയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഖത്തര്‍ പ്രതികരിച്ചു.യമനില്‍ അവശേഷിക്കുന്ന ഭീകരവിരുദ്ധ സേനാ വിഭാഗങ്ങളുടെ ദൗത്യം സ്വമേധയാ അവസാനിപ്പിക്കുകയാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

2019-ല്‍ തന്നെ യുഎഇ സൈനിക സാന്നിധ്യം കുറച്ചിരുന്നുവെങ്കിലും ചില പ്രത്യേക വിഭാഗങ്ങള്‍ അവിടെ തുടരുന്നുണ്ടായിരുന്നു. അന്താരാഷ്ട്ര പങ്കാളികളുമായുള്ള ഏകോപനത്തിന്റെ ഭാഗമായാണ് തങ്ങള്‍ അവിടെ തുടര്‍ന്നതെന്നും എന്നാല്‍ പുതിയ സാഹചര്യങ്ങള്‍ സമഗ്രമായ പുനപ്പരിശോധനയ്ക്ക് കാരണമായെന്നും യുഎഇ വ്യക്തമാക്കി.

സൗദി-യുഎഇ തര്‍ക്കം എണ്ണ വിപണിയെയും ബാധിച്ചിട്ടുണ്ട്. വരുന്ന ഞായറാഴ്ച നടക്കാനിരിക്കുന്ന ഒപെക് പ്ലസ് യോഗത്തിന് മുന്നോടിയായി ഉണ്ടായ ഈ തര്‍ക്കം വിപണിയില്‍ അനിശ്ചിതത്വം സൃഷ്ടിച്ചു.ഗള്‍ഫിലെ ഓഹരി വിപണികളിലും ഇടിവ് രേഖപ്പെടുത്തി.

യുഎഇ സൈന്യം പിന്‍വാങ്ങുന്നത് താല്‍ക്കാലിക ശാന്തിക്ക് വഴിതെളിച്ചേക്കാമെങ്കിലും എസ്ടിസിക്ക് യുഎഇ നല്‍കുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ പിന്തുണ തുടരുമോ എന്നതാണ് നിര്‍ണ്ണായകമായ ചോദ്യം.

Saudi airstrikes in Yemen: UAE to completely withdraw troops; Saudi-UAE relations are deteriorating

Share Email
LATEST
Top