കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതി രാഷ്ട്രീയ പ്രേരിതവും ആസൂത്രിതവുമാണെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രസ്താവനയെ ശക്തമായി തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പരാതി വെൽ ഡ്രാഫ്റ്റഡ് ആണെന്നത് ശരിവെക്കുന്നതാണ്, അത്തരത്തിലാണ് പരാതി നൽകേണ്ടതെന്നും അതിൽ തെറ്റൊന്നുമില്ലെന്നും സതീശൻ വ്യക്തമാക്കി. പരാതി ലഭിച്ചയുടൻ ഡിജിപിക്ക് കൈമാറിയ നടപടി ശരിവെച്ചുകൊണ്ടാണ് സതീശന്റെ പ്രതികരണം.
സണ്ണി ജോസഫ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത് പരാതിക്ക് പിന്നിൽ ലീഗൽ ബ്രെയിൻ ഉണ്ടെന്നും അത് ആസൂത്രിതവും രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്താമെന്നുമായിരുന്നു. പരാതി തനിക്ക് ലഭിച്ച സമയത്ത് തന്നെ മാധ്യമങ്ങൾക്കും എത്തിയെന്നും അതിന്റെ ഉദ്ദേശ്യം വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ദിനത്തിലും സണ്ണി ജോസഫ് ഈ നിലപാട് ആവർത്തിച്ചു.
സണ്ണി ജോസഫിന്റെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ ഭിന്നത പ്രകടമാക്കുന്നതാണ് സതീശന്റെ പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയ നിലപാടിനൊപ്പം നിൽക്കുന്നതായും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്.













