തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമതും ബലാത്സംഗ പരാതി ഉയർന്ന സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും എം.പി.യുമായ ഷാഫി പറമ്പിൽ രംഗത്ത്. സി.പി.എം. കൈകാര്യം ചെയ്യുന്നതുപോലെയല്ല, നിയമപരമായി തന്നെയാണ് ഈ വിഷയത്തിൽ കോൺഗ്രസ് കാര്യങ്ങൾ ചെയ്യുന്നതെന്ന് ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.
“ഈ വിഷയത്തിൽ കെ.പി.സി.സി. ഒരു നിലപാട് എടുത്തിട്ടുണ്ട്. പരാതിയിൽ കോൺഗ്രസ് അല്ല അന്വേഷണം നടത്തുന്നത്. വന്ന പരാതി ഉടൻ തന്നെ പോലീസിന് കൈമാറി. സി.പി.എം. കൈകാര്യം ചെയ്യുന്നതുപോലെ അല്ല നിയമപരമായി തന്നെയാണ് കോൺഗ്രസ് കാര്യങ്ങൾ ചെയ്യുന്നത്,” ഷാഫി പറമ്പിൽ പ്രതികരിച്ചു. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജയിലിൽ കിടക്കുന്ന നേതാക്കൾക്കെതിരെ സി.പി.എം. എന്ത് നടപടി എടുത്തുവെന്നും അദ്ദേഹം ചോദിച്ചു. ഒരു കാരണം കാണിക്കൽ നോട്ടീസ് പോലും സി.പി.എം. നൽകിയില്ലെന്നും ഷാഫി വിമർശിച്ചു.
പുതിയ പരാതി പാർട്ടി ചർച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചു. പരാതി ലഭിച്ച ഉടൻ കെ.പി.സി.സി. പ്രസിഡന്റ് അത് ഡി.ജി.പിക്ക് കൈമാറി. ഇതിലും മാതൃകാപരമായി ഒരു പാർട്ടി എന്ത് ചെയ്യാനാണ് എന്നും സതീശൻ ചോദിച്ചു. സി.പി.എം. പാർട്ടി സെക്രട്ടറിക്ക് മുൻപ് കിട്ടിയ പരാതികൾ പോലീസിൽ പോലും എത്തിയിട്ടില്ലെന്നും പരിഹസിച്ച സതീശൻ, കോൺഗ്രസ് തല ഉയർത്തിയാണ് ഈ വിഷയത്തിൽ നിലകൊള്ളുന്നതെന്നും കൂട്ടിച്ചേർത്തു.













