ഇന്ത്യന്‍ സേനയുടെ കരുത്ത് തെളിയിക്കാന്‍ ‘ഓപ്പറേഷന്‍ ഡെമോയ്ക്ക്’ ശംഖുമുഖം സജ്ജമായി: അഭ്യാസപ്രകടനങ്ങള്‍ നാലരമുതല്‍; നേരിട്ടുവീക്ഷിക്കാന്‍ രാഷ്ട്രപതിയും

ഇന്ത്യന്‍ സേനയുടെ കരുത്ത് തെളിയിക്കാന്‍ ‘ഓപ്പറേഷന്‍ ഡെമോയ്ക്ക്’ ശംഖുമുഖം സജ്ജമായി: അഭ്യാസപ്രകടനങ്ങള്‍ നാലരമുതല്‍; നേരിട്ടുവീക്ഷിക്കാന്‍ രാഷ്ട്രപതിയും

തിരുവനന്തപുരം: ഇന്ത്യന്‍ സേനയുടെ കരുത്ത് തെളിയിച്ചുകൊണ്ട് നാവികസേനദിനത്തോട് അനുബന്ധിച്ച് അഭ്യാസപ്രകടനങ്ങള്‍ക്ക് ശംഖുമുഖം വേദിയാകുന്നു. റിഹേഴ്‌സലുകള്‍ എല്ലാം പൂര്‍ത്തിയായി. സേനയുടെ ശക്തിപ്രകടനങ്ങള്‍ നേരിട്ടു കാണുന്നതിനായി രാഷ്ട്രത്തിന്റെ പ്രഥമവനിത ദ്രൗപതി മുര്‍മുവും ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്ത് എത്തിച്ചേരും. ‘ഓപ്പറേഷന്‍ ഡെമോ’ എന്ന പേരിലാണ് നാവിക സേനയുടെ പ്രകടന വിസ്മയമൊരുക്കുക. നഗരത്തില്‍ അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ഉച്ചകഴിഞ്ഞ് തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍ എത്തുന്ന രാഷ്ട്രപതിയെ ഗവര്‍ണറും മുഖ്യമന്ത്രിയും നാവിക സേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് ശംഖുമുഖത്തേക്ക് പോകുന്ന രാഷ്ട്രപതി നാവിക സേനയുടെ അഭ്യാസ പ്രകടനങ്ങള്‍ വീക്ഷിക്കും. നാലരയോടെ പടക്കപ്പലുകളുംഅന്തര്‍വാഹിനികളും യുദ്ധവിമാനങ്ങളും ഉള്‍പ്പടെ അണിനിരക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ നടക്കും. പൊതുജനങ്ങള്‍ക്ക് ഉള്‍പ്പടെ കാണാവുന്ന തരത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. പരിപാടിക്കുശേഷം ഏഴേ മുക്കാലോടെ ലോക്ഭവനിലേക്ക് പോകുന്ന രാഷ്ട്രപതി അവിടെ താമസിക്കും.നാളെ രാവിലെ രാഷ്ട്രപതി ദില്ലിയിലേക്ക് തിരിക്കും.

നാവികാഭ്യാസ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിലേക്കുള്ള റോഡുകളില്‍ ഗതാഗതകുരുക്കിന് സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ യാത്രകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യണമെന്നാണ് വിമാനത്താവളം അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വൈകുന്നേരം നാലു മുതല്‍ ആറേകാല്‍ വരെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കും.

ചാക്ക, കല്ലുംമൂട്, സ്റ്റേഷന്‍കടവ്, വലിയതുറ, കുമരിച്ചന്ത, മാധവപുരം എന്നീ ഭാഗങ്ങളില്‍ നിന്നും ശംഖുമുഖം, വെട്ടുകാട് ഭാഗത്തേക്ക് പാസ് അനുവദിച്ചിട്ടുള്ള വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. പാസില്ലാതെ വരുന്ന പൊതുജനങ്ങളുടെ വാഹനങ്ങള്‍ തിരുവനന്തപുരം നഗരത്തിലെ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ പാര്‍ക്ക് ചെയ്ത് അവിടെ നിന്ന് കെഎസ്ആര്‍ടിസി ബസുകളില്‍ കയറി വെട്ടുകാട് ഇറങ്ങി പരിപാടി കണ്ടശേഷം കെഎസ്ആര്‍ടിസി ബസുകളില്‍ തിരിച്ച് പാര്‍ക്കിങ് ഗ്രൗണ്ടകളിലേക്ക് പോകണം. ഉച്ചയ്ക്ക് ഒരു മണി മുതല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളുണ്ടാകും. നിശ്ചിത ടിക്കറ്റ് ചാര്‍ജോടെയായിരിക്കും സര്‍വീസ്. പൊതുജനങ്ങള്‍ കുടയും സ്റ്റീല്‍ കുപ്പിയും കൈയില്‍ കരുതേണ്ടതാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

Shankhumukham is all set for ‘Operation Demo’ to demonstrate the strength of the Indian Army: Exercises will begin at 4:30 PM; President to witness in person

Share Email
LATEST
More Articles
Top