ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിളിച്ചുചേർത്ത കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ നിന്ന് ശശി തരൂർ വിട്ടുനിന്നു. സഭാ പ്രവർത്തനങ്ങൾ, പ്രതിപക്ഷത്തിന്റെ നിലപാടുകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാനായിരുന്നു യോഗം. മുൻകൂട്ടി പങ്കെടുക്കാനാവില്ലെന്ന് തരൂർ അറിയിച്ചിരുന്നതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഡൽഹിയിലില്ലാത്തതിനാലാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നാണ് തരൂരിന്റെ വിശദീകരണം. പ്രഭ ഖൈതാൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ കൊൽക്കത്തയിലെത്തിയ അദ്ദേഹത്തിന് സമയത്ത് ഡൽഹിയിലെത്താൻ കഴിയാത്തതാണ് കാരണമെന്നും വിശദീകരിച്ചു.
നവംബർ 30-ന് നടന്ന കോൺഗ്രസ് സ്ട്രാറ്റജിക് ഗ്രൂപ്പ് മീറ്റിങ്ങിലും തരൂർ പങ്കെടുത്തിരുന്നില്ല. അന്ന് വിമാനത്തിലായിരുന്നു എന്നും കേരളത്തിലേക്ക് മടങ്ങുകയായിരുന്നു എന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിനെതിരെ 12 സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കളുടെ യോഗത്തിലും തരൂർ വിട്ടുനിന്നിരുന്നു. ഡൽഹിയിലുണ്ടായിരുന്നിട്ടും യോഗത്തിലെത്താതിരുന്ന അദ്ദേഹം അതേ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു.
കഴിഞ്ഞ ദിവസം ആർഎസ്എസ് അനുകൂല സംഘടനയായ എച്ച്ആർഡിഎസ് പ്രഥമ സവർക്കർ പുരസ്കാരം തരൂരിന് പ്രഖ്യാപിച്ചിരുന്നു. വിവാദമായതോടെ പുരസ്കാരത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞതാണെന്നും സ്വീകരിക്കില്ലെന്നും തരൂർ വ്യക്തമാക്കി. എന്നാൽ, പുരസ്കാരത്തെക്കുറിച്ച് അറിഞ്ഞില്ലെന്ന തരൂരിന്റെ വാദം തെറ്റാണെന്നും അറിയിച്ചതിന് തെളിവുകളുണ്ടെന്നും എച്ച്ആർഡിഎസ് ഭാരവാഹികൾ പ്രതികരിച്ചു. ഈ തെളിവുകൾ പുറത്തുവിടുമെന്നും അവർ പറഞ്ഞു.











