കൊച്ചി: ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്കും സുഹൃത്തിനും ആശ്വാസം. തെളിവുകളുടെ അഭാവത്തിൽ ഇവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി കോടതിയിൽ റിപ്പോർട്ട് നൽകാൻ പൊലീസ് തീരുമാനിച്ചു. ഫോറൻസിക് പരിശോധനാ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസിന്റെ ഈ നിർണായക നീക്കം.
ഫോറൻസിക് റിപ്പോർട്ട്: ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് ഫോറൻസിക് പരിശോധനയിൽ തെളിയിക്കാനായില്ല. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് നിലനിൽക്കില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു.
കേസിൽ മതിയായ തെളിവുകൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഈ മാസം അവസാനത്തോടെ നോർത്ത് പൊലീസ് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കും. കൊച്ചിയിലെ ഒരു ഹോട്ടൽ മുറിയിൽ ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നായിരുന്നു കേസ്. പരിശോധനയ്ക്കായി ഡാൻസാഫ് (DANSAF) സംഘം എത്തിയപ്പോൾ ഷൈൻ ടോം ചാക്കോ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടിയത് വലിയ വിവാദമായിരുന്നു. ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായാണ് അന്ന് പരിശോധന നടന്നത്.
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലും ഷൈനിന് പങ്കില്ലെന്ന് എക്സൈസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അന്ന് ലഹരി വിമുക്തിക്കായി താൻ ചികിത്സ തേടുകയാണെന്നും മയക്കുമരുന്ന് ഇടപാടുകാരുമായി തനിക്ക് ബന്ധമില്ലെന്നും താരം മൊഴി നൽകിയിരുന്നു.













