മാഗിന്റെ ജനകീയ മുന്നേറ്റങ്ങള്‍ക്ക് കരുത്തു പകരാന്‍ സൈമണ്‍ വാളച്ചേരില്‍ ‘ടീം ഹാര്‍മണി’ക്കൊപ്പം

മാഗിന്റെ ജനകീയ മുന്നേറ്റങ്ങള്‍ക്ക് കരുത്തു പകരാന്‍ സൈമണ്‍ വാളച്ചേരില്‍ ‘ടീം ഹാര്‍മണി’ക്കൊപ്പം

ഹൂസ്റ്റണ്‍: അംഗബലം, സമയബന്ധിതമായ പ്രവര്‍ത്തമികവ്, സാമ്പത്തിക ഭദ്രത, ജനകീയ കാഴ്ചപ്പാട് എന്നിങ്ങനെ ബഹുമുഖമായ സവിശേഷതയുള്ള അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ‘മാഗ്’ എന്ന ചുരുക്കപ്പേരില്‍ പ്രശസ്തി നേടിയ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ ഭരണ സമിതിയിലേയ്ക്കുള്ള ആവേശകരമായ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. സ്വന്തമായി വസ്തുവും രണ്ട് കെട്ടിടങ്ങളുമുള്ള മാഗ് ഇതര സംഘടനകളില്‍ നിന്നും വ്യത്യസ്തമായ പാതയിലൂടെയാണ് ജൈത്രയാത്ര തുടരുന്നത്. ഇതിനാല്‍ ഇലക്ഷനും പൊടിപാറുമെന്നതില്‍ സംശയമില്ല. അതേസമയം, പരിണതപ്രജ്ഞരായ സ്ഥാനാര്‍ത്ഥികള്‍ അണിനിരക്കുന്ന ‘ടീം ഹാര്‍മണി’ പാനല്‍ കാലോചിതമായ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രചാരണത്തില്‍ ഏറെ മുന്നേറിക്കഴിഞ്ഞു.

ചാക്കോ തോമസ് നേതൃത്വം നല്‍കുന്ന ‘ടീം ഹാര്‍മണി’യില്‍ നിന്ന് മാഗ് ഡയറക്ടര്‍ ബോര്‍ഡിലേയ്ക്ക് മല്‍സരിക്കുന്ന സൈമണ്‍ വളാച്ചേരില്‍ എന്ന സൈമണ്‍ വളാച്ചേരില്‍ ചാക്കോയ്ക്ക് കൈമുതലായുള്ളത് മാധ്യമ മേഖലയിലെയും സംഘടനാ രംഗത്തെയും ദീര്‍ഘകാലത്തെ പരിചയ സമ്പത്തും ആത്മവിശ്വാസവുമാണ്. രണ്ടര പതിറ്റാണ്ടിലധികമായി അമേരിക്കന്‍ മലയാളി സമൂഹത്തിലെ സൗമ്യ സാന്നിധ്യത്താല്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം ഇന്ത്യന്‍ നേവിയില്‍ നിന്ന് ചീഫ് എഞ്ചിനിയറായി വിരമിച്ച വ്യക്തിയാണ്. അതിനാല്‍ തന്നെ ഒരു സൈനികന്റെ തികഞ്ഞ അച്ചടക്കവും ഉത്തരവാദിത്വവും ജാഗ്രതയും തന്റെ പൊതു പ്രവര്‍ത്തനത്തിലും സൈമണ്‍ വളാച്ചേരില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കാത്തുസൂക്ഷിക്കുന്നു.

അമേരിക്കന്‍ മലയാളികളുടെ ഹബ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹൂസ്റ്റണില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘നേര്‍കാഴ്ച’ പത്രത്തിന്റെയും ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെയും ഉടമയും ചീഫ് എഡിറ്ററുമായ സൈമണ്‍ വളാച്ചേരില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ തന്റെ നേതൃപാടവം തെളിയിച്ചിട്ടുണ്ട്. ടെക്‌സസ് സ്റ്റേറ്റില്‍ നിന്ന് പ്രിന്റ് ചെയ്ത് വായനക്കാരിലെത്തിക്കുന്ന ഒരേയൊരു മലയാള പത്രമായ ‘നേര്‍കാഴ്ച’ പ്രസിദ്ധീകരണത്തിന്റെ പത്താംവര്‍ഷം ആഘോഷിക്കുന്ന വേളയില്‍ ഓണ്‍ലൈന്‍ എഡിഷന്‍ പുതിയ ചുവടു വയ്പിലാണ്.

ഈടുറ്റ മാധ്യമ കൂട്ടായ്മയായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റാണ്. ഐ.പി.സി.എന്‍.എയുടെ ഏറ്റവും മികച്ച ചാപ്റ്ററായി ഹൂസ്റ്റണ്‍ ചാപ്റ്ററിനെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഇദ്ദേഹം വഹിച്ചത്. അതോടൊപ്പം മികച്ച സാമൂഹിക സംഘടനയ്ക്കുള്ള ഐ.പി.സി.എന്‍.എയുടെ പുരസ്‌കാരം മാഗിന് നേടിക്കൊടുക്കാനും സൈമണ്‍ വളാച്ചേരിലിന് സാധിച്ചു. ഫോമ നാഷണല്‍ മീഡിയ ചെയര്‍മാന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. ഷിക്കാഗോ മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും സൈമണ്‍ വളാച്ചേരില്‍ വഹിച്ചിട്ടുണ്ട്.

സത്യസന്ധവും സ്തുത്യര്‍ഹവുമായ സേവനങ്ങള്‍ക്ക് നിരവധി ബഹുമതികളും സൈമണ്‍ വാളാച്ചേരിലിനെ തേടി എത്തിയിട്ടുണ്ട്. 2021-ലെ ഐ.പി.സി.എന്‍.എ എക്‌സലന്‍സ് അവാര്‍ഡ്, 2019-ലെ ഇന്തോ അമേരിക്കന്‍ പ്രസ് ക്‌ളബ് അവാര്‍ഡ്, 2022-ലെ വേള്‍ഡ് മലയാളി കൗണ്‍സില്‍ അവാര്‍ഡ്, 2022-ലും ’23-ലും മുബൈ ജ്വാലാ അവാര്‍ഡ്, ഇന്തോ-അമേരിക്കന്‍ നേഴ്‌സസ് അസോസിയേഷന്‍ അവാര്‍ഡ് തുടങ്ങിയവയ്ക്ക് അര്‍ഹനായി.

ഇന്ത്യന്‍ നേവില്‍ നിന്ന് വിരമിച്ച ശേഷം സൗദി അറേബ്യയില്‍ എന്‍ജിനീയറായി ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003 മുതല്‍ അമേരിക്കയില്‍ ക്വാളിറ്റി കണ്‍ട്രോള്‍ എഞ്ചിനിയര്‍, മാനേജരായി എന്നീ നിലകളില്‍ നിരവധി മാനുഫാക്ചറിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കമ്പനികളിലും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ മുഴുവന്‍ സമയ പത്രാധിപരാണ് സൈമണ്‍ വാളാച്ചേരില്‍. കാലത്തിന്റെ വേഗത്തിലുള്ള അനിവാര്യമായ മാറ്റം ഉള്‍ക്കൊണ്ട് നവീനമായ ആശയങ്ങള്‍ ഉരുക്കഴിച്ച് മാഗിനെ ലോകത്തിലെ ഏറ്റവും മികച്ച പ്രവാസി മലയാളി സംഘടനയായി മാറ്റിയെടുക്കനുള്ള ജനക്ഷേമ മുന്നേറ്റങ്ങള്‍ക്ക് കരുത്തു പകരുകയാണ് തന്റെ ലക്ഷ്യമെന്ന് സൈമണ്‍ വളാച്ചേരില്‍ പറഞ്ഞു.

Simon Valacheril Chacko contesting to MAGH board of directors

Share Email
LATEST
More Articles
Top