ശ്രീനി വിടവാങ്ങി….ഇനി ആ ആക്ഷൻ കട്ട് ഇല്ല…

ശ്രീനി വിടവാങ്ങി….ഇനി ആ ആക്ഷൻ കട്ട് ഇല്ല…

ലിൻസി ഫിലിപ്സ്

ഒരു മികച്ച നടൻ ആകണമെങ്കിൽ നല്ല ജീവിതാനുഭവം ഉണ്ടായിരിക്കണം. അത്തരത്തിലെ ജീവിതാനുഭവങ്ങളെ ഉത്തമ തിരു കഥകൾ ആക്കി മലയാളികളുടെ സ്വീകരണം മുറികളിലേക്ക് എത്തിച്ച അവരുടെ ഹൃദയങ്ങളിൽ പോലും ചേക്കേറിയ വ്യക്തിയായിരുന്നു ശ്രീനിവാസൻ.

ആക്ഷേപ ഹാസത്തിലൂടെ മലയാളികളുടെ കണ്ണുതുറപ്പിച്ച് പ്രിയ നടൻ ആയിരുന്നു മലയാളത്തിന്റെ സ്വന്തം ശ്രീനി എന്നറിയപ്പെടുന്ന ശ്രീനിവാസൻ.

മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന ഒരുപാട് ചിത്രങ്ങൾ മലയാളികൾ കണ്ട് പൊട്ടിച്ചിരിച്ചിട്ടുണ്ട്.

അതിൽ ഏറ്റവും പ്രധാനപ്പെട്ടവ യായ നാടോടിക്കാറ്റ് , പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെഎന്നീ ചിത്രങ്ങളിലെ രാമദാസിനെയും വിജയനെയും മറന്ന മലയാളികൾ ഉണ്ടാവില്ല.
1976 ലെ മണിമുഴക്കത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് ഇടം നേടിയ വ്യക്തിയായിരുന്നു അദ്ദേഹം.

ഒരു പ്രമുഖ ചാനലിൻ്റെ അഭിമുഖത്തിൽ ഉർവശിയോട് അവതാരകൻ ചോദിച്ചു അഭിനയിച്ചതിൽ ഏറ്റവും അധികം ഇഷ്ടമുള്ള നടൻ ആരാണെന്ന്. പ്രമുഖരായ നടന്മാരുടെ പേരുകൾ ഒക്കെ പറഞ്ഞപ്പോൾ ശ്രീനിവാസന്റെ പേര് പറയാതെ പോയ അവതാരകനോട് ഉർവശി പറഞ്ഞത് ശ്രീനിവാസന്റെ പേരായിരുന്നു.

സന്ദേശം ചിത്രത്തിലൂടെ ആക്ഷേപഹാസത്തിലൂടെ രാഷ്ട്രീയക്കാരുടെ സാമൂഹ്യ പ്രതിബദ്ധത വിളിച്ചോതി. രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർക്ക് വലിയൊരു വെല്ലുവിളി തീർക്കുകയായിരുന്നു സന്ദേശം. കുടുംബത്തെ മാനിക്കാതെ പാർട്ടി പ്രവർത്തനങ്ങൾ ഏർപ്പെടുന്ന ഒരു ജ്യേഷ്ഠനും അനുജനും. അതായിരുന്നു സന്ദേശത്തിന്റെ കഥാസാരം.

എന്നാൽ പൊന്മുട്ടയിടുന്ന താറാവ്, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങളിൽ കാമുകനായും ഭർത്താവായും മികവാർന്ന പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവച്ചത്. പൊന്മുട്ട ഇടുന്ന താറാവിൽ കാമുകിക്ക് ചെമ്പിൽ തീർത്ത 10 പവന്റെ മാലയുടെ കഥ മലയാളികൾ ഇന്നും നെഞ്ചോട് ചേർക്കുന്നുണ്ട് . എന്നാൽ വടക്കുനോക്കിയന്ത്രത്തിൽ ഭാര്യയെ സംശയിച്ച തളത്തിൽ ദിനേശനെയും മലയാളി മറക്കില്ല.

തലയണമന്ത്രത്തിൽ ഭാര്യയുടെ വാക്ക് കേട്ട്
സഹോദരനുമായി പിണങ്ങി പോകേണ്ടി വന്ന ഒരു മൂത്ത മകൻ്റെ എല്ലാ മാനസിക വ്യതിയാനങ്ങളും ആ ചിത്രത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. തലയണ മന്ത്രത്തിൽ ഭാര്യ കാഞ്ചനയായും പൊന്മുട്ടയിടുന്ന താറാവിൽ ചതിച്ച കാമുകിയും എത്തിയത് ഉർവശിയായിരുന്നു.

ചിന്താവിഷ്ടയായ ശ്യാമള തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് മലയാളികൾക്ക് സമ്മാനിച്ചത്. ഒരു മനുഷ്യ ജീവിതത്തിലെ എല്ലാ വികാരങ്ങളും അവൻ്റെ ചിന്താ തലങ്ങളിലൂടെ സഞ്ചരിച്ച ചിത്രമായിരുന്നു ചിന്താവിഷ്ടയായ ശ്യാമള. സാമ്പത്തിക വിദഗ്ധനായ ഒരു മനുഷ്യൻ അദ്ദേഹം പല കച്ചവടങ്ങൾ ചെയ്തു പരാജയപ്പെടുന്നു. ഒടുവിൽ സിനിമ എടുക്കുന്നു അതും പരാജയപ്പെടുന്നു. പിന്നീട് സന്യാസിയായി തിരിച്ചു വരുന്നു. ഈ ചിത്രങ്ങളിലെ വ്യത്യസ്തമായ കഥാപാത്രങ്ങളുടെ എല്ലാ പശ്ചാത്തലങ്ങളിലും അദ്ദേഹം കാത്തുവെച്ച ഒരു മുഖമുദ്ര പ്രതിഫലിപ്പിച്ചിട്ടുണ്ട്.

ഗോളാന്തര വാർത്തയിലെ ചട്ടമ്പി മലയാളികളെ നന്നേ ചിരിപ്പിച്ചിട്ടുണ്ട്. തന്റെ മകൻ വിനീത് ശ്രീനിവാസ നൊപ്പം അച്ഛനും മകനുമായി മകൻ്റെ അച്ഛനിൽ അഭിനയിച്ചിട്ടുണ്ട്.

മിഥുനത്തിൽ മുതലാളിയെ സഹായിക്കുന്ന പ്രിയപ്പെട്ട ഡ്രൈവറായും ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിൽ കൂട്ടുകാരനെ സഹായിക്കാനായി കള്ളനായി സ്വയം വേഷം അണിയുന്ന പ്രിയ കൂട്ടുകാരനായും കാഴ്ചവെച്ച അഭിനയം ഇന്നും മലയാളികളെ ഹാസ്യത്തിന്റെ കൊടുമുടിയിൽ എത്തിക്കും. വരവേൽപ്പിലെ ഉത്തരവാദിത്വമുള്ള വാഹന ഉദ്യോഗസ്ഥനായും അദ്ദേഹം ചിന്തിപ്പിച്ചിട്ടുണ്ട്.

സന്മസുളളവർക്ക് സമാധാനം, ടി. പി ബാലഗോപാലൻ എം.എ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, തലയണമന്ത്രം, ഗോളാന്തര വാർത്ത, ചമ്പക്കുളം തച്ചൻ, വരവേൽപ്, സന്ദേശം, ഉദയനാണ് താരം, മഴയെത്തും മുമ്പേ, അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ് , അയാൾ കഥയെഴുതുകയാണ്, കഥ പറയുമ്പോൾ, ഞാൻ പ്രകാശൻ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തിരകഥ ഒരുക്കിയിട്ടുണ്ട്.

ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങൾ സംസ്ഥാന,ദേശീയ പുരസ്കാരങ്ങൾ നേടിയവയാണ്.

വർഷങ്ങൾക്കിപ്പുറവും അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ സമൂഹത്തിന് നൽകുന്ന പാഠങ്ങൾ എത്ര വലുതാണ് എന്ന് നാം മനസ്സിലാക്കണം. സത്യത്തിൽ പല ചിത്രങ്ങളും കാലത്തിനു മുൻപേ സഞ്ചരിച്ചവയാണ് എന്ന് പറയുന്നതിൽ യാതൊരു അതിശയോക്തിയുമില്ല.

ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഉള്ള കഴിവാണ് ഒരു നടനു വേണ്ടത്. സ്വന്ത ചിത്രങ്ങളിലൂടെ സമൂഹത്തോട് പറയേണ്ടതെല്ലാം തുറന്നു പറയാൻ ധൈര്യം കാട്ടിയ നടനും തിരക്കഥാകൃത്തും കാലത്തിൻ്റെ യവനികയിലേക്ക് മാഞ്ഞുപോകുമ്പോൾ മായാത്ത ആ മുഖമുദ്ര ഇന്നും മലയാളികളുടെ മനസ്സിൽ ഒരു മണിച്ചെപ്പില്‍ സൂക്ഷിക്കും.
ചലച്ചിത്രങ്ങൾ സമൂഹത്തിന് നേരെ പിടിക്കുന്ന കണ്ണാടിയാണ് എങ്കിൽ തീർച്ചയായും ശ്രീനിവാസന്റെ ചിത്രങ്ങൾ അത്തരത്തിലുള്ള ദർപ്പണം തന്നെയാണ്…

Actor sree nivasan died dideNo more action cuts…

Share Email
Top