കൊച്ചി: ശ്രീനിവാസൻ്റെ മൃതദേഹം ഒരു മണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനെത്തിക്കും. സംസ്‌കാരം പിന്നീട്.
ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിലേക്ക് പോകും വഴിയാണ് ആരോഗ്യം മോശമായത്. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
മരണ വിവരമറിഞ്ഞ് തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍, നടി സരയു, നിര്‍മാതാവ് ആന്റോ ജോസഫ്, കെ.ബാബു എംഎല്‍എ എന്നിവര്‍ അടക്കമുള്ളവര്‍ ആശുപത്രിയിലെത്തി. കൊച്ചിയിലുള്ള മുഖ്യമന്ത്രിയും സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും ശ്രീനിവാസന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തും.
എത്രയോ വര്‍ഷത്തെ ജീവിതയാത്രയില്‍ ഒപ്പമുണ്ടായിരുന്ന ആളായിരുന്നു ശ്രീനിവാസനെന്നും അദ്ദേഹത്തിന്റെ വിയോഗം തീരാത്ത ദുഖമാണ് നല്‍കിയിരിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
തമാശരൂപത്തില്‍ എത്രയെത്ര പ്രധാനപ്പെട്ട കാര്യങ്ങൾ മനുഷ്യരിലെത്തിക്കാന്‍ ഒന്നിച്ച് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.













