കാസർകോഡ് : ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ വേടന്റെ പരിപാടിക്കിടെ അപകടം. തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. കുട്ടികളും പരുക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. ആളുകളെ വിവിധ ഗേറ്റുകളിലൂടെയാണ് സംഘാടകര്‍ കടത്തിവിട്ടതെങ്കിലും വലിയ ആള്‍ക്കൂട്ടം എത്തിയത് കൊണ്ട് അതെല്ലാം തകര്‍ന്നു.അതേസമയം, പരിപാടിക്കിടെ റെയില്‍വേ പാളം മറികടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. പൊയിനാച്ചി സ്വദേശി ശിവാനന്ദനാണ് മരിച്ചത്.
രാത്രി 8 മണിക്ക് നിശ്ചയിച്ചിരുന്ന പരിപാടി ഒന്നര മണിക്കൂറോളം വൈകി ആരംഭിച്ചത് വലിയ തോതിലുള്ള തിരക്കിന് കാരണമായി. ടിക്കറ്റില്ലാത്തവർ കൂടി പരിപാടിയിലേക്ക് പ്രവേശിച്ചതും മുൻനിരയിലേക്ക് ആളുകൾ തള്ളിക്കയറിയതും സ്ഥിതി വഷളാക്കി. വേടന്‍ എത്താന്‍ താമസിച്ചതായിരുന്നു പരിപാടി വൈകാൻ കാരണം.
ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട കുട്ടികളുൾപ്പെടെയുള്ള നിരവധി പേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചികിത്സ തേടിയവരുടെ നില നിലവിൽ തൃപ്തികരമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരിപാടിക്കായി 250-ഓളം പോലീസുകാരെ വിന്യസിച്ചിരുന്നെങ്കിലും സംഘാടകർ പ്രതീക്ഷിച്ചതിലും അധികമായി ആയിരക്കണക്കിന് ആളുകൾ എത്തിയത് നിയന്ത്രണങ്ങൾ അസാധ്യമാക്കി.
Stampede at vedan’s programme













