പാലക്കാട്: ചിറ്റൂരിൽ നിന്നും കാണാതായ ആറ് വയസ്സുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. ചിറ്റൂർ കറുകമണി എരുമങ്കോട് സ്വദേശി മുഹമ്മദ് അനസിന്റെ മകനായ സുഹാനെ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് വീട്ടുമുറ്റത്ത് നിന്ന് കാണാതായത്. മണിക്കൂറുകൾ നീണ്ട വ്യാപകമായ തിരച്ചിലിനൊടുവിൽ വീടിന് സമീപത്തെ കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
സഹോദരനുമായി പിണങ്ങി സുഹാൻ വീട്ടിൽ നിന്നിറങ്ങിപ്പോയതാണെന്ന് ബന്ധുക്കൾ സംശയിച്ചിരുന്നു. ഇതിനെത്തുടർന്ന് പോലീസും ഫയർഫോഴ്‌സും പ്രദേശവാസികളും ചേർന്ന് സമീപത്തെ തോട്ടങ്ങളിലും കുളങ്ങളിലും വൻ തിരച്ചിൽ നടത്തിവരികയായിരുന്നു. ശനിയാഴ്ച രാത്രി വൈകിയും തിരച്ചിൽ തുടർന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ഒടുവിൽ ഞായറാഴ്ച രാവിലെ നടന്ന പരിശോധനയിലാണ് ജലാശയത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം ലഭിച്ചത്.
ഭിന്നശേഷിക്കാരനായ സുഹാനെ കാണാതായ വിവരമറിഞ്ഞ് വിദേശത്തായിരുന്ന പിതാവ് അനസ് നാട്ടിലേക്ക് തിരിച്ചു. കുഞ്ഞിനെ സുരക്ഷിതനായി തിരികെ ലഭിക്കുമെന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രതീക്ഷകൾക്കാണ് ഇതോടെ അന്ത്യമായത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.













