സൂപ്പര്‍ ലീഗ് കേരള ആവേശം അവസാന റൗണ്ടിലേക്ക്: മലപ്പുറം എഫ്‌സി- തിരുവനന്തപുരം കൊമ്പന്‍സ് മത്സരം സമനിലയില്‍

സൂപ്പര്‍ ലീഗ് കേരള ആവേശം അവസാന റൗണ്ടിലേക്ക്: മലപ്പുറം എഫ്‌സി- തിരുവനന്തപുരം കൊമ്പന്‍സ് മത്സരം സമനിലയില്‍

തിരുവനന്തപുരം: സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മത്സരആവേശം അവസാന റൗണ്ടിലേക്ക്. സെമിയില്‍ ഇടം നേടാനുള്ള അവസാന രണ്ട് ടീമുകളെ അറിയാന്‍ ഇനിയും കാത്തിരിക്കണം. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഒന്‍പതാം റൗണ്ടിലെ അവസാന മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സിയും മലപ്പുറം എഫ്‌സിയും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞതോടെയാണ് ആവേശം അവസാന റൗണ്ടിലേക്ക് നീണ്ടത്. മലപ്പുറത്തിനായി എല്‍ഫോര്‍സിയും തിരുവനന്തപുരത്തിനായി പൗളോ വിക്ടറും സ്‌കോര്‍ ചെയ്തു.

ഒന്‍പത് റൗണ്ട് മത്സരം അവസാനിക്കുമ്പോള്‍ 12 പോയന്റുള്ള തിരുവനന്തപുരം മൂന്നാം സ്ഥാനത്തും 11 പോയന്റുള്ള മലപ്പുറം നാലാം സ്ഥാനത്തുമാണ്. 10 പോയന്റുമായി കണ്ണൂര്‍ അഞ്ചാമതും നില്‍ക്കുന്നു. അവസാന റൗണ്ടിലെ തൃശൂര്‍ – കണ്ണൂര്‍, തിരുവനന്തപുരം – കാലിക്കറ്റ്, മലപ്പുറം – കൊച്ചി മത്സരഫലങ്ങളാവും സെമി ഫൈനലിലേക്കുള്ള അവസാന രണ്ട് ടീമുകളെ നിശ്ചയിക്കുക. കാലിക്കറ്റ് എഫ്‌സി, തൃശൂര്‍ മാജിക് എഫ്‌സി ടീമുകള്‍ ഇതിനോടകം സെമി ഫൈനലില്‍ ഇടം ഉറപ്പിച്ചിട്ടുണ്ട്.

പന്ത്രണ്ടാം മിനിറ്റില്‍ മലപ്പുറത്തിന്റെ റിഷാദ് ഗഫൂര്‍ വലതുവിങിലൂടെ മുന്നേറി രണ്ട് പ്രതിരോധക്കാരെ മറികടന്ന് നടത്തിയ ഗോള്‍ ശ്രമം പോസ്റ്റിനെ ചാരി പുറത്തേക്ക് പോയി. പതിനേഴാം മിനിറ്റില്‍ മലപ്പുറം ലീഡ് നേടി. ബോക്‌സിന് പുറത്തു നിന്ന് ലഭിച്ച പന്ത് ലോങ്‌റേഞ്ച് ഷോട്ടിലൂടെ ഗോളാക്കി മാറ്റിയത് മൊറോക്കോ താരം എല്‍ഫോര്‍സി (10). ഇരുപത്തിയെട്ടാം മിനിറ്റില്‍ ബദര്‍ നല്‍കിയ പാസ് ജോണ്‍ കെന്നഡി പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും തിരുവനന്തപുരം ഗോളി സത്യജിത് രക്ഷകനായി. ആദ്യപകുതിയില്‍ ആതിഥേയരുടെ റോച്ചെ, ജാസിം, തുഫൈല്‍ എന്നിവര്‍ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. പിന്നാലെ തുഫൈലിന് പകരം അസ്ഹര്‍ കളത്തിലെത്തി.

രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റിനകം തിരുവനന്തപുരം സമനില നേടി. മധ്യനിരയില്‍ നിന്ന് ലഭിച്ച ലോങ് പാസ് പിടിച്ചെടുത്ത് മുന്നേറിയ പൗളോ വിക്ടര്‍ പ്രതിരോധനിരയെയും ഗോള്‍കീപ്പറെയും മറികടന്ന് ഇടതുകാല്‍ കൊണ്ട് ഫിനിഷ് ചെയ്തു (11). ലീഗില്‍
ബ്രസീലുകാരന്റെ മൂന്നാം ഗോള്‍. ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ തിരുവനന്തപുരവും മലപ്പുറവും ഓരോഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു. 6221 കാണികള്‍ മത്സരം കാണാന്‍ ഗ്യാലറിയിലെത്തി.

Super League Kerala excitement heads to the final round: Malappuram FC-Thiruvananthapuram Kompans match ends in a draw

Share Email
LATEST
More Articles
Top