പാലക്കാട്: വോട്ടർ പട്ടികയിലെ എസ്.ഐ.ആർ (SIR) മാപ്പിംഗിൽ നിന്ന് പുറത്തായവർ തങ്ങളുടെ പൗരത്വം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. 2002-ലെ വോട്ടർ പട്ടികയുമായി നടത്തിയ മാപ്പിംഗിൽ പൊരുത്തപ്പെടാത്ത 19 ലക്ഷത്തോളം പേർക്കാണ് ഹിയറിംഗിന് ഹാജരാകേണ്ടി വരുന്നത്. പൗരത്വ ഭേദഗതി നിയമപ്രകാരമുള്ള (CAA) മാനദണ്ഡങ്ങൾ അനുസരിച്ചുള്ള രേഖകളാണ് ഇതിനായി ആവശ്യപ്പെട്ടിരിക്കുന്നത്.
വോട്ടറുടെയും മാതാപിതാക്കളുടെയും ജനന സ്ഥലവും തീയതിയും തെളിയിക്കുന്ന രേഖകളാണ് പ്രധാനമായും ഹാജരാക്കേണ്ടത്. 1987 ജൂലൈ ഒന്നിന് മുൻപ് ഇന്ത്യയിൽ ജനിച്ചവർ സ്വന്തം ജനന രേഖകൾ മാത്രം നൽകിയാൽ മതിയാകും. എന്നാൽ അതിന് ശേഷം ജനിച്ചവർ മാതാപിതാക്കളുടെ ജനന സർട്ടിഫിക്കറ്റുകൾ കൂടി നൽകേണ്ടി വരും. എസ്എസ്എൽസി സർട്ടിഫിക്കറ്റിലോ ജനന സർട്ടിഫിക്കറ്റിലോ ജനന സ്ഥലം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലാത്തവർക്ക് ഈ നടപടി വലിയ പ്രതിസന്ധിയാകും.
2002-ലെ പട്ടികയിൽ സ്വന്തം പേരോ മാതാപിതാക്കളുടെ പേരോ ഇല്ലാത്തവരാണ് ഇപ്പോൾ ഹിയറിംഗിനെ നേരിടേണ്ടി വരുന്നത്. വിദേശത്ത് ജനിച്ചവർ ഇന്ത്യൻ മിഷൻ നൽകുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഹിയറിംഗ് നോട്ടീസിനൊപ്പം ഏതൊക്കെ രേഖകളാണ് നൽകേണ്ടതെന്ന നിർദ്ദേശങ്ങളും വോട്ടർമാർക്ക് ലഭിക്കും. ബിഎൽഒമാർ വഴി വോട്ടർമാർക്ക് ഇക്കാര്യത്തിൽ വ്യക്തമായ നിർദ്ദേശങ്ങൾ നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.












