കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ തൃശൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതി മാർട്ടിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പങ്കുവെച്ചവരാണ് പിടിയിലായത്. എറണാകുളം, ആലപ്പുഴ, തൃശൂർ സ്വദേശികളായ ഇവർ പണം വാങ്ങി ദുരുദ്ദേശപരമായി വീഡിയോ ഷെയർ ചെയ്തതായി പോലീസ് കണ്ടെത്തി. ബി.എൻ.എസ്.എസ് (BNSS), ഐ.ടി ആക്ട് എന്നിവ പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇരുനൂറോളം സൈറ്റുകളിലും പ്ലാറ്റ്‌ഫോമുകളിലുമായി ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതായാണ് അന്വേഷണത്തിൽ തെളിഞ്ഞത്. അതിജീവിതയെ അപകീർത്തിപ്പെടുത്തുന്നതും സ്വകാര്യത ലംഘിക്കുന്നതുമായ വീഡിയോ അടങ്ങിയ ലിങ്കുകളെല്ലാം പോലീസ് നശിപ്പിച്ചു. കേസിലെ വിധിക്ക് പിന്നാലെയാണ് അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന തരത്തിലുള്ള ദൃശ്യങ്ങൾ വാണിജ്യ അടിസ്ഥാനത്തിൽ ഫേസ്ബുക്ക് പേജുകൾ വഴി പ്രചരിച്ചത്.
സോഷ്യൽ മീഡിയ വഴിയോ മറ്റ് പ്ലാറ്റ്‌ഫോമുകൾ വഴിയോ ഇത്തരത്തിൽ വീഡിയോകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ദേശ്മുഖ് മുന്നറിയിപ്പ് നൽകി. അതിജീവിതയുടെ പേരോ ദൃശ്യങ്ങളോ വെളിപ്പെടുത്തുന്നത് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.













