തിരുവനന്തപുരം: കടുവകളുടെ എണ്ണമെടുക്കാനായി തിരുവനന്തപുരം ബോണക്കാട് വനത്തില്‍ മൂന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കാണാനില്ല. ഇവര്‍ക്കായുള്ള തെരച്ചില്‍ സജീവമാക്കി. തിരുവനന്തപുരം പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റര്‍ വിനീത, ബിഎഫ്ഒ രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരെയാണ് കാണാതായത്.
ഇന്നലെ രാവിലെയാണ് ഇവര്‍ ബോണക്കാടവനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയത്. സംസ്ഥാന സര്‍ക്കാരിന്റെ കടുവ സെന്‍സസിന്റെ ഭാഗമായുള്ള കണക്കെടുപ്പായിരുന്നു. ഇവര്‍ കാട്ടിലേക്ക് പോയ ശേഷംവൈകുന്നേരത്തോടെ ഇവരെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ബോണക്കാട് പരുത്തിപ്പള്ളി ഭാഗത്താണ് ഇവര്‍ എണ്ണമെടുക്കാന്‍ പോയത്. സംഘവുമായുള്ള ടെലഫോണ്‍ ബന്ധം വിഛേദിക്കപ്പെട്ടു. ഇവര്‍ക്കായി ആര്‍ആര്‍ടി സംഘം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കാട്ടാനയടക്കം വന്യമൃഗങ്ങള്‍ ഏറെയുള്ള മേഖലയാണിത്. കാണാതായവര്‍ കൂട്ടം തെറ്റി പോയതാകാമെന്നാണ് പ്രാഥമിക നിഗമനം.
കേരള – തമിഴ്‌നാട് അതിര്‍ത്തി മേഖല കൂടിയാണ് ബോണക്കാട്. അഗസ്ത്യാര്‍മലയും ഇവിടെയാണ്. ഡിഎഫ്ഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇന്ന് സ്ഥലത്ത് എത്തും. എന്നാല്‍ ഉദ്യോഗസ്ഥര്‍ കാണാതായെന്ന് പറയാന്‍ കഴിയില്ലെന്നും ഇവരുമായുള്ള ബന്ധം നഷ്ട്ടപ്പെട്ടു എന്നേയുള്ളുവെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.
Three forest officials who went to count tigers in the inner forest are missing; search continues













