വാഷിംഗ്ടണ്‍: ഇന്ത്യയില്‍ നിന്നുള്‍പ്പെടെ ഏറ്റവും കൂടുതല്‍ ആളുകള്‍ അമേരിക്കയിലേക്ക് കടന്നുചെല്ലാന്‍ ഉപയോഗിക്കുന്ന എച്ച് വണ്‍ ബി വീസ അപേക്ഷകളിലെ പരിശോധന കൂടുതല്‍ കര്‍ശനമാക്കാന്‍ ഉത്തരവിട്ട് ട്രംപ് ഭരണകൂടം. എച്ച് വണ്‍ ബി വീസാ അപേക്ഷകരുടെ ലിങ്ക്ഡ്ഇന്‍ പേജുകള്‍ ഉള്‍പ്പെടെയുള്ളവ വിശദമായി പരിശോധിക്കണമെന്ന നിര്‍ദേശമാണ് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇമിഗ്രേഷന്‍ ഉദ്ദോഗസ്ഥര്‍ക്ക് നല്കിയിരിക്കുന്ന നിര്‍ദേശം.
അമേരിക്കയുടെ സുരക്ഷയെ സംബന്ധിച്ചുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന എച്ച് വണ്‍ ബി വീസാ അപേക്ഷകരുടെ അപേക്ഷകള്‍ നിരസിക്കപ്പെടുമെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അപേക്ഷകര്‍ മാത്രമല്ല അവരുടെ കുടുംബാംഗങ്ങളുടെ വരെയുള്ള സോഷ്യല്‍ മീഡിയ ഉപയോഗങ്ങ ളെക്കുറിച്ചും പരിശോധന നടത്തുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
അപേക്ഷകനേയും അവരുടെ കുടുംബാംഗങ്ങളുടേയും സോഷ്യല്‍ മീഡിയയിലെ ഇടപെടലുകള്‍ എങ്ങനെയുള്ളതായിരുന്നുവെന്നും വിദ്വംസക പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ സഹായകരമാകുന്ന പോസ്റ്റുകള്‍ പരിശോധിക്കുകയോ അവ ഷെയര്‍ ചെയ്യുകയോ ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും കോണ്‍സുലേറ്റ് പരിശോധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ഐടി പ്രഫഷണലുകള്‍ ഏറ്റവും കൂടുതല്‍ എച്ച് വണ്‍ ബി വീസ ഉപയോഗിച്ചാണ് അമേരിക്കയില്‍ എത്തുന്നത്. ഇമിഗ്രേഷന്‍ ആന്‍ഡ് നാഷ്ണാലിറ്റി ആക്ടിലെ പ്രത്യേക ആര്‍ട്ടിക്കിള്‍ ഉപയോഗിച്ച് ആണ് പുതിയ നടപടികള്‍ നിര്‍ദേശിച്ചിട്ടുള്ളത്.
എച്ച്-1ബി അപേക്ഷകരില്‍ പലരും സോഷ്യല്‍ മീഡിയ, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഉള്‍പ്പെടെയുള്ള സാങ്കേതിക മേഖലകളിലാണ് ജോലി ചെയ്യുന്നതെന്നതിനാല്‍, അവര്‍ക്കായുള്ള പരിശോധന കൂടുതല്‍ ശക്തമാക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.













