ഗ്രീന്‍ലന്‍ഡിനെ സ്വന്തമാക്കാൻ ലക്ഷ്യമിട്ട് ട്രംപ്; ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രിയെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു

ഗ്രീന്‍ലന്‍ഡിനെ സ്വന്തമാക്കാൻ ലക്ഷ്യമിട്ട് ട്രംപ്; ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രിയെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു

വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലന്‍ഡിനെ അമേരിക്കയുടെ ഭാഗമാക്കാനുള്ള തന്‍റെ വിവാദപരമായ നീക്കങ്ങൾക്ക് വേഗം കൂട്ടി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇതിന്‍റെ ഭാഗമായി ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രിയെ ഗ്രീന്‍ലന്‍ഡിലെ അമേരിക്കയുടെ പ്രത്യേക പ്രതിനിധിയായി ട്രംപ് നിയമിച്ചു. ഞായറാഴ്ച രാത്രിയാണ് ട്രംപ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും ലോകരാജ്യങ്ങളുടെ നിലനിൽപ്പിനും ഗ്രീന്‍ലന്‍ഡ് എത്രത്തോളം പ്രധാനമാണെന്ന് ജെഫ് ലാൻഡ്രിക്ക് കൃത്യമായ ബോധ്യമുണ്ടെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

നിലവിൽ ഡെന്മാർക്കിൻ്റെ നിയന്ത്രണത്തിലുള്ള ഗ്രീന്‍ലന്‍ഡിനെ അമേരിക്കയുമായി ചേർക്കുക എന്നതാണ് ഈ നിയമനത്തിൻ്റെ പ്രധാന ലക്ഷ്യം. ഗ്രീന്‍ലന്‍ഡിലെ ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കാനും അവിടുത്തെ ധാതുസമ്പത്ത് ഉപയോഗപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്ന് ട്രംപ് അവകാശപ്പെടുന്നു. ഗ്രീന്‍ലന്‍ഡ് അമേരിക്കയുടെ ഭാഗമാകുന്നത് ഇരു രാജ്യങ്ങൾക്കും ഗുണകരമാണെന്ന് ജെഫ് ലാൻഡ്രി നേരത്തെ പ്രതികരിച്ചിരുന്നു. ഈ പുതിയ പദവി ഏറ്റെടുക്കുന്നതിനായി അദ്ദേഹം ലൂസിയാന ഗവർണർ സ്ഥാനം രാജിവെക്കില്ലെന്നും ഒരു വൊളൻ്ററി പദവിയായി ഇത് തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ട്രംപിൻ്റെ ആദ്യ ഭരണകാലത്ത് ഗ്രീന്‍ലന്‍ഡ് വാങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത് ഡെന്മാർക്ക് തള്ളിയിരുന്നു. എന്നാൽ തൻ്റെ രണ്ടാം ഊഴത്തിൽ ഗ്രീന്‍ലന്‍ഡിനെ കൂട്ടിച്ചേർക്കുമെന്ന സൂചനകൾ ട്രംപ് ആവർത്തിച്ച് നൽകുന്നുണ്ട്.
റഷ്യയുടെയോ ചൈനയുടെയോ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഗ്രീന്‍ലന്‍ഡിൻ്റെ സ്ഥാനം അമേരിക്കയ്ക്ക് അത്യന്താപേക്ഷിതമാണ്. കൂടാതെ യുറേനിയം, സ്വർണ്ണം, എണ്ണ തുടങ്ങിയ പ്രകൃതിവിഭവങ്ങളുടെ വൻ നിക്ഷേപവും അവിടെയുണ്ട്. അതേസമയം, ഡെന്മാർക്ക് ഭരണകൂടവും ഗ്രീന്‍ലന്‍ഡിലെ പ്രാദേശിക സർക്കാരും ഈ നീക്കങ്ങളെ ശക്തമായി എതിർക്കുന്നുണ്ട്. ഗ്രീന്‍ലന്‍ഡ് വിൽപനയ്ക്കുള്ളതല്ലെന്നും തങ്ങളുടെ പരമാധികാരത്തിൽ അമേരിക്ക ഇടപെടരുതെന്നുമാണ് അവരുടെ നിലപാട്.

Share Email
LATEST
More Articles
Top