ഡമാസ്കസ്: സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് യു.എസ്. സൈനികരും ഒരു അമേരിക്കൻ പൗരനും കൊല്ലപ്പെട്ടതായി യു.എസ്. സെൻട്രൽ കമാൻഡ് (സെന്റകോം) സ്ഥിരീകരിച്ചു. സംഭവത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. “ഇതൊരു ഐ.എസ്. ആക്രമണമാണ്. അതിശക്തമായ പ്രതികാര നടപടികൾ ഉണ്ടാകും,” ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
സിറിയയുടെ മധ്യഭാഗത്ത് വച്ച് ഐ.എസ്. ഭീകരൻ നടത്തിയ ഒളിയാക്രമണത്തിലാണ് മൂന്ന് പേർ കൊല്ലപ്പെട്ടതും മൂന്ന് സൈനികർക്ക് പരിക്കേറ്റതും. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ട്രംപ് അറിയിച്ചു. ആക്രമണം നടത്തിയ ഭീകരനെ വധിച്ചതായും യു.എസ്. സൈന്യം അറിയിച്ചു. സിറിയയിലെ പാൽമിറയ്ക്ക് സമീപമാണ് വെടിവെപ്പുണ്ടായത്. മേഖലയിലെ ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സൈനികരെയാണ് ആക്രമണം ലക്ഷ്യമിട്ടതെന്നും കൊല്ലപ്പെട്ട പൗരൻ ഒരു അമേരിക്കൻ പരിഭാഷകനാണെന്നും പെന്റഗൺ വക്താവ് ഷോൺ പർണൽ പറഞ്ഞു.8
സിറിയയിലെ ഇപ്പോഴത്തെ ഭരണകൂടത്തിന് പൂർണ്ണ നിയന്ത്രണമില്ലാത്ത അതീവ അപകടകരമായ ഒരു പ്രദേശത്താണ് ഐ.എസും യു.എസും സിറിയയും തമ്മിൽ ഏറ്റുമുട്ടുന്നതെന്നും ട്രംപ് തന്റെ പോസ്റ്റിൽ സൂചിപ്പിച്ചു. സംഭവത്തിൽ സിറിയൻ പ്രസിഡന്റ് അഹ്മദ് അൽ-ഷറ ഞെട്ടലും രോഷവും രേഖപ്പെടുത്തിയതായും ട്രംപ് കൂട്ടിച്ചേർത്തു. ഐ.എസ്സിനെതിരായ പോരാട്ടത്തിൽ യു.എസ്. സൈനികർക്കൊപ്പം സിറിയയും പങ്കുചേർന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.











