വാഷിംഗ്ടൺ: യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മദ്യപിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ തീരുമാനങ്ങൾക്ക് ഒക്കെ പിന്നിൽ ഒരു കാരണം കണ്ടു പിടിക്കാമായിരുന്നു. പക്ഷേ അദ്ദേഹം മദ്യം കൈകൊണ്ടു പോലും തൊടാറില്ല. എന്നാൽ അദ്ദേഹത്തിൻ്റെ സ്വഭാവം ഏതു മദ്യപാനിയേയും വെല്ലുംവിധമാണ് എന്ന് അദ്ദേഹത്തിന്റെ സ്വന്തം ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ വിശദീകരിച്ചിരിക്കുകയാണ്.
ഒരു മാധ്യമ പ്രവർത്തകനെ പരസ്യമായി പന്നി എന്നു വിളിക്കുക. സൊമാലിയൻ കുടിയേറ്റക്കാരെ മാലിന്യക്കൂന എന്നു വിളിക്കുക. 79 വയസ്സുള്ളതൻ്റെ ആരോഗ്യ നിലയെ ചോദ്യചെയ്തവർ രാജ്യ ദ്രോഹികളാണ് എന്നു പറയുക. ഹോളിവുഡ് ഐക്കൺ റോബ് റെയ്‌നറെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി ഏതാനും മണിക്കൂറുകൾക്ക് ശേഷം അദ്ദേഹത്തെ ക്രൂരമായി വിമർശിക്കുക, , വൈറ്റ് ഹൗസിലെ കൊളോണേഡിന്റെ ചുമരിൽ മുൻ പ്രസിഡന്റുമാരുടെ ഛായാചിത്രങ്ങൾക്ക് താഴെ അവരെ അങ്ങേയറ്റം അപമാനിക്കുന്ന രീതിയിൽ ഫലകങ്ങൾ എഴുതി തൂക്കുക തുടങ്ങിയ നടപടികൾ നോർമലായ ഒരു മനുഷ്യൻ ചെയ്യുന്ന കാര്യങ്ങളല്ല. എന്നാൽ ട്രംപ് തന്നെ പറയുന്നത് അദ്ദേഹം ഒരു പ്രതിഭയാണ്.. പ്രതിഭാസമാണ് എന്നൊക്കെയാണ്…
ബുധനാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് ട്രംപ് സംസാരിച്ചതത്രയും വസ്തുതകൾക്ക് നിരക്കുന്ന കാര്യങ്ങളല്ല എന്നാണ് ട്രംപിൻ്റെ വിമർശകരും ഡെമോക്രാറ്റുകളും പറയുന്നത്. താൻ വിജയിച്ചു വന്ന അവസരത്തിൽ ലഭിച്ചതിനെക്കാൾ കൂടുതൽ ജനപിന്തുണയുണ്ടെന്നും രാജ്യം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
“പ്രസിഡന്റ് ട്രംപ് സത്യം മാത്രം പറയുന്നയാളാണ്, അദ്ദേഹം ഉള്ളത് ഉള്ളതുപോലെ പറയും, .നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രസിഡന്റ് ട്രംപാണ്, അതേസമയം ഉറക്കംതൂങ്ങി ബൈഡനാണ് അമേരിക്കയിലെ ഏറ്റവും മോശം പ്രസിഡൻ്റ് ” – ട്രംപിൻ്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ച്യൂങ് പറഞ്ഞു.
ആരെയും പരസ്യമായി അപമാനിക്കാൻ കഴിയുന്ന ആൾ, ദേഷ്യംകൊണ്ട് എവിടെയും പൊട്ടിത്തെറിക്കുന്ന സ്വഭാവമുള്ള ആൾ എന്നിങ്ങനെ പല വിശേഷണങ്ങളും അദ്ദേഹത്തിന്റെ മഹത്തായ വ്യക്തിത്വത്തിന്റെ ഭാഗമായി ആരാധകർ അംഗീകരിച്ച് കൊടുത്തിട്ടുള്ളതാണ്. അളന്നു തൂക്കിയ, കൃത്യമായ വാക്കുകൾ എഴുതി വായിക്കുന്ന മികച്ച രാഷ്ട്രീയ നേതാക്കളിൽ നിന്ന് തികച്ചും വ്യത്യസ്തമായി എന്തും വിളിച്ചുപറയുന്ന ഒരു വിടുവായൻ ശൈലി ട്രംപിൻ്റെ ജനപ്രീതി കൂട്ടുന്ന ഘടകമാണ്. ഒരു പ്രൊഫഷണൽ-ഗുസ്തി താരത്തെപോലെയാണ് ട്രംപ്. എതിരാളികൾ ആരുമാകട്ടെ അവരെ ഒരു ദയയുമില്ലാതെ മലർത്തിയടിക്കുക എന്നതുമാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
സഹാനുഭൂതിയും അനുകമ്പയുമല്ല, വെറുപ്പും വൃത്തികേടും ആഘോഷിക്കപ്പെടുന്ന ഒരു കാലത്തേക്ക് അമേരിക്ക മാറ്റപ്പെട്ടു. നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്ന കുടിയേറ്റക്കാരെ നാടുകടത്തിയാൽ മാത്രം പോരാ; അവരെ അറസ്റ്റ് ചെയ്യുകയോ തടവിലാക്കുകയോ ചെയ്യുന്നതിന്റെ അപമാനകരമായ വീഡിയോകളും ഫോട്ടോഗ്രാഫുകളും പുറത്തിറക്കാൻ ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും ശ്രമിക്കുന്നു. മുൻ പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്യുന്നതിന്റെയും ട്രംപ് വിരുദ്ധ പ്രതിഷേധക്കാരെ വിസർജ്യം ഉപയോഗിച്ച് ബോംബെറിയുന്ന സൈനിക പൈലറ്റായി തന്നെ കാണിക്കുന്നതിന്റെയും AI- നിർമിത ചിത്രങ്ങൾ അദ്ദേഹം പ്രചരിപ്പിച്ചു. വനിതാ മാധ്യമപ്രവർത്തകരുടെ രൂപം നോക്കി അവരെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുന്നതും ട്രംപിയൻ ശൈലിയാണ്.
“ട്രംപിനെ മികച്ചവനാക്കുന്നത് മറ്റുള്ളവർ പറയാൻ ഭയപ്പെടുന്ന സത്യങ്ങൾ അദ്ദേഹം പറയുന്നു എന്നതാണ്,” യാഥാസ്ഥിതിക എഴുത്തുകാരനും നിരൂപകനുമായ എറിക് മെറ്റാക്സസ് അഭിപ്രായപ്പെട്ടു. ഒബാമയെയും മുൻ പ്രസിഡന്റ് ജോ ബൈഡനെയും പരിഹസിക്കുന്ന പുതിയ വൈറ്റ് ഹൗസ് ഫലകങ്ങളെക്കുറിച്ച് . “ഈ ഫലകങ്ങളിലെ ഓരോ വാക്കും സത്യമാണ്. എല്ലാവർക്കും കാണാൻ കഴിയുന്ന തരത്തിൽ അദ്ദേഹം അവ പുറത്തിറക്കിയിരിക്കുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്നതും ഉന്മേഷദായകവുമായ കാര്യം.” എന്നാണ് മെറ്റാക്സസ് പറയുന്നത്.
“മദ്യപാനിയുടെ വ്യക്തിത്വം” എന്ന് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ് ട്രംപിനെ ഉപമിക്കുന്നതിനു മുന്നേ റിപ്പബ്ളിക്കൻ നേതാവായ ഡോൺ ബേക്കൺ ട്രംപിനെ വിശേഷിപ്പിച്ചത് ‘ബാറിലിരുന്ന് മദ്യപിക്കുന്ന വ്യക്തിയെ’ പോലെ എന്നാണ്. ഇത്തരം ഒരാൾ എന്നാണ് ശരിക്കും പ്രസിഡൻ്റാകുന്നത് എന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. സൂസി വൈൽസ് ശരിക്കും ട്രംപിനെ വിമർശിക്കുകയല്ല, അദ്ദേഹത്തിൻ്റെ പ്രവചനാതീതവും നിയന്ത്രണാതീതവുമായ പെരുമാറ്റത്തെ വിശദീകരികരിക്കുകയായിരുന്നു.” മിടുക്കരായ ആളുകൾ, അല്ലെങ്കിൽ പൊതുവെ ആളുകൾ മദ്യപിച്ചാൽ അവരുടെ സ്വഭാവം അതിശയോക്തിപരമായി മാറും. അവർക്ക് അതിനെ നിയന്ത്രിക്കാൻ പറ്റില്ല.. ട്രംപ് അതുപോലുള്ള ഒരു വ്യക്തിയാണ്. “സൂസി വൈൽസ് വ്യക്തമാക്കിയത് ഇങ്ങനെയാണ്. ഈ പറഞ്ഞതൊന്നും ട്രംപും നിഷേധിച്ചിട്ടില്ല. “ഞാൻ എന്നെക്കുറിച്ച് പലതവണ അങ്ങനെ പറഞ്ഞിട്ടുണ്ട്,” അദ്ദേഹം ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു. “ഞാൻ ഭാഗ്യവാനാണ്, കാരണം ഞാൻ ഒരു മദ്യപാനിയല്ല. ഞാൻ അങ്ങനെ ചെയ്‌തിരുന്നെങ്കിൽ, ഏറ്റവും മികച്ച മദ്യപാനിയായിരുന്നേനെ കാരണം എനിക്ക് അഡിക്ഷൻ എന്ന സ്വഭാവമുണ്ട്.”
ട്രംപിന്റെ മൂത്ത സഹോദരൻ ഫ്രെഡ് ട്രംപ് ജൂനിയർ ഒരു മദ്യപാനിയായിരുന്നു. കടുത്ത മദ്യപാനം മൂലം 1981-ൽ 43-ാം വയസ്സിൽ അദ്ദേഹം മരിച്ചു. തന്റെ സഹോദരന്റെ അധഃപതനത്തിന് കാരണമായ മദ്യപാനത്തെ ട്രംപ് വെറുക്കുന്നതായി അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. “ഞാൻ ഒരു മദ്യപാനിയായിരുന്നെങ്കിൽ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ. ഞാൻ എന്തൊരു കുഴപ്പക്കാരനായിരിക്കും. ലോകത്തിലെ ഏറ്റവും മോശം ആളായിരിക്കും ഞാൻ.” എന്ന് 2018-ൽ ഒരു ഘട്ടത്തിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്.
തീർച്ചയായും മദ്യപാനം ഒരു രോഗമാണ്, ട്രംപ് മുമ്പ് സമ്മതിച്ചിട്ടുള്ള നാർസിസിസവും അങ്ങനെ തന്നെ. “ഒരു ബിസിനസ്സ് ആരംഭിക്കാൻ ശ്രമിക്കുകയാണെങ്കിൽ നാർസിസിസം ഉപയോഗപ്രദമായ ഒരു ഗുണമായിരിക്കും,”എന്ന് അദ്ദേഹം തന്റെ ഒരു പുസ്തകത്തിൽ എഴുതി. ” കാരണം ഒരു നാർസിസിസ്റ്റ് വിമർശകരുടെ വാക്കുകൾ കേൾക്കില്ല.”
ഒരു റിയൽ എസ്റ്റേറ്റ് ഡെവലപ്പർ ചെയ്യുന്നപോലെ എന്തിനും ഏതിനും പേരിടുന്നത് അതും സ്വന്തം പേരിടുന്നത് പ്രസിഡൻ്റിന് ചേർന്നതല്ല എന്ന് വിമർശകർ ആരോപിക്കുന്നു. പക്ഷേ ട്രംപിന് അതൊരു വിഷയമല്ല. വ്യാഴാഴ്ച, ജോൺ എഫ്. കെന്നഡി സെന്റർ ഫോർ ദി പെർഫോമിംഗ് ആർട്‌സിനെ ട്രംപ്-കെന്നഡി സെന്റർ എന്ന് പുനർനാമകരണം ചെയ്യുമെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസിനെ ഡൊണാൾഡ് ജെ. ട്രംപ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് എന്ന് ട്രംപ് ഭരണകൂടം പുനർനാമകരണം ചെയ്തു. ഫ്ലാഗ് ഡേയുടെ അതേ ദിവസമാണ് ട്രംപിന്റെ ജന്മദിനം. അടുത്ത വർഷം ആ ദിനം ദേശീയ പാർക്കുകളിൽ സൗജന്യ പ്രവേശനം നൽകുമെന്നും അന്ന് അവധി ദിവസമായിരിക്കുമെന്നും മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ദിനത്തിലുക്കുള്ള സൗജന്യ പ്രവേശനം അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. 2026-ൽ പാർക്ക് വാർഷിക പാസുകളിൽ ജോർജ്ജ് വാഷിംഗ്ടണിന്റെ പാസുകൾക്കൊപ്പം ട്രംപിന്റെ ചിത്രവും ഉണ്ടായിരിക്കും. അടുത്ത വർഷത്തെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികത്തിനായി ട്രഷറി വകുപ്പ് ട്രംപ് നാണയങ്ങളും പുറത്തിറക്കും എന്നാണ് അറിയുന്നത്.
പുതിയ പദ്ധതിയായ ഫെഡറൽ ചൈൽഡ് ഇൻവെസ്റ്റ്‌മെന്റ് അക്കൗണ്ടുകൾക്ക് “ട്രംപ് അക്കൗണ്ടുകൾ” എന്ന് പേരിട്ടു. ബുധനാഴ്ച രാത്രിയിലെ തന്റെ പ്രസംഗത്തിൽ, അമേരിക്കക്കാർക്ക് കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭിക്കാൻ സഹായിക്കുന്നതിന് ട്രംപ് ആർഎക്സ് എന്ന പുതിയ സർക്കാർ വെബ്‌സൈറ്റിനെക്കുറിച്ച് ട്രംപ് പറഞ്ഞു. ട്രംപ് താൻ നിർമ്മിക്കുന്ന പുതിയ വൈറ്റ് ഹൗസ് ബോൾറൂമിന് തന്റെ പേര് നൽകുമെന്ന് ആർക്കും സംശയമില്ല. വാഷിംഗ്ടൺ കമാൻഡേഴ്‌സ് അവരുടെ പുതിയ സ്റ്റേഡിയത്തിന് തന്റെ പേര് നൽകണമെന്ന് പോലും അദ്ദേഹം നിർദ്ദേശിച്ചു കഴിഞ്ഞു. ഭരണത്തിലിരിക്കെ ആരും ചെയ്യുന്ന കാര്യമല്ല ഇതൊന്നും. പ്രസിഡൻ്റുമാരുടെ നിര്യാണത്തിനു ശേഷം അവരുടെ പിൻഗാമികൾ ആദരപൂർവം ചെയ്യുന്ന കാര്യമായിരുന്നു ഇതെല്ലാം. അതാണ് ട്രംപ് ഇത്തരത്തിൽ മാറ്റി മറിച്ചത്.
ഈ ലോകത്തിൻ്റെ കേന്ദ്രബിന്ദു താനാണ് എന്ന് ട്രംപ് കരുതുന്നു എന്ന് വിമർശകർ ആരോപിക്കുന്നതിൽ കുഴപ്പം ഉണ്ടെന്നു തോന്നില്ല. കാരണം ട്രംപിൻ്റെ പെരുമാറ്റവും വാക്കുകളും അങ്ങനെതന്നെയാണ് പലപ്പോഴും. വിശ്രുത ചലച്ചിത്രകാരൻ റെയ്‌നറും ഭാര്യയും കൊല്ലപ്പെട്ടത് തന്നെ ഇഷ്ടപ്പെടാത്തതിനാലാണ് എന്നുവരെ ട്രംപ് പറഞ്ഞു. ട്രംപ് ഡിറേഞ്ച്മെൻ്റ് സിൻഡ്രോം എന്ന മാനസിക വിഭ്രാന്തിയുള്ളയാളായിരുന്നു റെയിനറെന്നും ട്രംപ് സോഷ്യൽമീഡിയയിലൂടെ പറഞ്ഞുവച്ചു. സത്യത്തിൽ റെയ്നറുടെ കൊലപാതകവും രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലായിരുന്നു. സ്വന്തം മകൻ തന്നെയാണ് കൊലപാതകത്തിലെ പ്രതി.
എന്നാൽ തീവ്ര വലതു പക്ഷ അനുയായിയായ ചാർലി കർക് കൊല്ലപ്പെട്ടപ്പോൾ സമാനമായ പ്രതികരണം നടത്തിയ കുറഞ്ഞ 600 പേർക്കെങ്കിലും സസ്പെൻഷൻ കിട്ടുകയോ ജോലി നഷ്ടമാവുകയോ ചെയ്തിട്ടുണ്ട് എന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്.
കർക്കിന്റെ മരണത്തെ പ്രശംസിക്കുകയോ നിസ്സാരമാക്കുകയോ ചെയ്യാത്തവരിൽ ഒരാളായിരുന്നു റെയ്‌നർ. അക്കാലത്ത് പിയേഴ്‌സ് മോർഗന്റെ ഷോയിൽ പങ്കെടുത്ത അദ്ദേഹം അതിനെ “തികച്ചും ഭീകരത” എന്ന് വിശേഷിപ്പിക്കുകയും “നിങ്ങളുടെ രാഷ്ട്രീയ വിശ്വാസങ്ങൾ എന്താണെങ്കിലും എനിക്ക് അത് സ്വീകാര്യമല്ല” എന്ന് പറയുകയും ചെയ്തിരുന്നു
ട്രംപ് ആ മാതൃക പിന്തുടരില്ല എന്നത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തുണ്ടാകില്ല. കാരണം മാനവികത എന്നത് നാർസിസ്റ്റുകളുടെയോ കച്ചവടക്കാരുടെയോ ഗുണമല്ല.
ന്യൂയോർക് ടൈസ് വൈറ്റ്ഹൌസ് കറസ്പോൻഡൻ്റ് പീറ്റർ ബേക്കർ ന്യൂയോർക് ടൈസിൽ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ
Trump’s strange and unpredictable traits as US president













