കൊച്ചി : ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാവും എം.എൽ.എ.യുമായ രാഹുൽ മാങ്കൂട്ടത്തിലിനെ ഒളിവിൽ പോകാൻ സഹായിച്ച രണ്ട് പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ജോസ്, റെക്സ് എന്നിവരാണ് പിടിയിലായത്. ഒളിവിൽ പോയ രാഹുലിനെ ബാംഗ്ലൂരിൽ ഒളിച്ച് താമസിക്കാൻ സഹായിച്ചത് ഇവരായിരുന്നു. രാഹുലിനെ ബാംഗ്ലൂരിൽ എത്തിച്ചതും അറസ്റ്റിലായ ഈ രണ്ടുപേരാണ്. രക്ഷപ്പെടാൻ ഉപയോഗിച്ച ഫോർച്യൂണർ കാറും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.
ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വ്യക്തിഗത ജാമ്യത്തിൽ വിട്ടയച്ചു. അതേസമയം, കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ എത്രയും വേഗം കണ്ടെത്താൻ ക്രൈംബ്രാഞ്ച് ഊർജ്ജിത ശ്രമം തുടരുകയാണ്. രാഹുലിനെ കണ്ടെത്താനായി പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
ക്രൈംബ്രാഞ്ച് പുതിയ സംഘത്തെ നിയോഗിച്ചു
ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാവും എം.എൽ.എ.യുമായ രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് പുതിയ സംഘത്തെ നിയോഗിച്ചു. ആദ്യ സംഘത്തിൽ നിന്ന് വിവരങ്ങൾ ചോർന്നു ലഭിക്കുന്നുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നിർണായകമായ ഈ നടപടി. കേസിന്റെ ആദ്യ ഘട്ടങ്ങളിൽ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ, പുതിയ ടീം ഉടൻ തന്നെ അന്വേഷണം വേഗത്തിലാക്കുമെന്നാണ് സൂചന.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമതൊരു ബലാത്സംഗക്കേസ് കൂടി രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ പരാതിക്കാരിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് 23 വയസ്സുള്ള യുവതി കെ.പി.സി.സി. നേതൃത്വത്തിന് നൽകിയ പരാതി. ഇത് ഡി.ജി.പിക്ക് കൈമാറിയ ശേഷമാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. നിലവിലെ പുതിയ അന്വേഷണ സംഘം തന്നെയായിരിക്കും രണ്ടാമത്തെ കേസിലെ തുടർനടപടികൾ സ്വീകരിക്കുക.













