മരണത്തെ തോൽപ്പിച്ച ഉണർവ്വിന് ഒരാണ്ട്; ആ ഓർമ്മകളിൽ ഉമ തോമസ്

മരണത്തെ തോൽപ്പിച്ച ഉണർവ്വിന് ഒരാണ്ട്; ആ ഓർമ്മകളിൽ ഉമ തോമസ്

ജീവിതം നിലച്ചുപോകുമായിരുന്ന ഒരു വലിയ വീഴ്ചയിൽ നിന്നും അത്ഭുതകരമായി കരകയറിയതിന്റെ ഒന്നാം വാർഷികത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ഉമ തോമസ് എം.എൽ.എ. കഴിഞ്ഞ വർഷം ഇതേ സമയത്ത് നേരിട്ട അപകടത്തെയും അതിജീവനത്തെയും കുറിച്ചാണ് അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. റിനൈ മെഡിസിറ്റിയിലെ ഐസിയുവിൽ ഡോക്ടറുടെ കൈപിടിച്ച് ബോധത്തിലേക്ക് മടങ്ങിയെത്തിയ നിമിഷം ഇന്നും തനിക്ക് അത്ഭുതമാണെന്ന് ഉമ തോമസ് ഓർക്കുന്നു. താൻ ആശുപത്രിയിലായിരുന്ന നാളുകളിൽ ഒറ്റപ്പെട്ടുപോകുമായിരുന്ന മക്കൾക്ക് തണലായവരെയും പ്രാർത്ഥനയോടെ കൂടെനിന്നവരെയും അവർ നന്ദിയോടെ സ്മരിച്ചു. തനിക്ക് ലഭിക്കുന്ന ഈ വലിയ കരുതൽ അന്തരിച്ച നേതാവ് പി.ടി. തോമസിനോടുള്ള സ്നേഹത്തിന്റെ ബാക്കിപത്രമാണെന്ന് തിരിച്ചറിയുന്നുവെന്നും, ഈ രണ്ടാം ജന്മത്തിന് എല്ലാവരോടും കടപ്പെട്ടിരിക്കുന്നുവെന്നും അവർ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

സമയം 6.35
കഴിഞ്ഞ വർഷം,
ഈ സമയത്താണ്….

എന്നന്നേക്കുമായുള്ള വീഴ്ചയാക്കി അതിനെ മാറ്റാതിരുന്ന ഈശ്വരന്മാരോട് ജീവിതം മുഴുവനും നന്ദി…🙏

ഓർമയിലേക്കുണർന്ന നിമിഷം
ഇന്നുമെൻ്റെ അത്ഭുതമാണ്.
റിനൈ മെഡിസിറ്റിയിലെ തണുത്ത ഐസിയുവിൽ സഹോദര തുല്യനായ ഡോ.കൃഷ്ണനുണ്ണിയുടെ
കൈ പിടിച്ച്.
പുറത്ത്,ഒറ്റക്കായി പോകുമായിരുന്ന എൻ്റെ മക്കൾ.
വീഴ്ചക്കും ഉണർച്ചക്കുമിടയിലെ ദിവസങ്ങളിൽ,
ആശുപത്രിയിൽ നിന്ന് മാറാതെ കൂട്ടിരുന്ന പ്രിയപ്പെട്ടവർ.
പ്രാർത്ഥനകളായി നിന്നവർ…

വീഴ്ചക്കും അപകടത്തിനും മാത്രമല്ലല്ലോ,ഹൃദയത്തോട് ചേർത്ത് വെച്ച നിങ്ങളോരോരുത്തരുടേയും കരുതലിന് കൂടിയാണല്ലോ
ഇന്ന്,ഒരാണ്ട് പൂർത്തിയാവുന്നത്.
പി ടിയോടുള്ള സ്നേഹ തുടർച്ച കൂടിയാണതെന്ന് എനിക്കറിയാം…

ഈ തിരിച്ചു വരവിന്
എല്ലാവരോടും എന്നും ഞാൻ കടപ്പെട്ടിരിക്കുന്നു…🙏

Share Email
LATEST
More Articles
Top