ചൈനയുടെ തീവ്രമായ സൈനിക ഭീഷണി നേരിടുന്ന തായ്‌വാന് ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ ഇടപാട് അംഗീകരിച്ച് അമേരിക്ക. 11.1 ബില്യൻ ഡോളർ (ഏകദേശം ഒരു ലക്ഷം കോടി രൂപ) മൂല്യമുള്ള ഈ പാക്കേജിൽ ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റംസ് (ഹിമാർസ്), ഹൗവിറ്റ്സർ ആർട്ടിലറി, ആന്റി-ടാങ്ക് മിസൈലുകൾ, ലോയിറ്ററിങ് മുനിഷൻസ് (സൂയിസൈഡ് ഡ്രോണുകൾ), മിലിട്ടറി സോഫ്റ്റ്‌വെയർ, നിരീക്ഷണ ഡ്രോണുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. ട്രംപ് ഭരണകൂടത്തിന്റെ രണ്ടാം കാലയളവിലെ രണ്ടാമത്തെ ഇടപാടാണിത്, കോൺഗ്രസ് അംഗീകാരത്തിന് ശേഷം നടപ്പാകും.
തായ്‌വാൻ പ്രസിഡന്റ് ലായ് ചിങ്-തെ പ്രഖ്യാപിച്ച 40 ബില്യൻ ഡോളർ പ്രതിരോധ ബജറ്റിന്റെ ഭാഗമായാണ് ഈ ഇടപാട്. അസിമെട്രിക് യുദ്ധതന്ത്രത്തിലൂടെ സ്വയംപര്യാപ്തത കൈവരിക്കാനുള്ള തായ്‌വാന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതാണ് യുഎസ് നടപടി. 1979ലെ തായ്‌വാൻ റിലേഷൻസ് ആക്ട് പ്രകാരം തായ്‌വാന്റെ പ്രതിരോധശേഷി ഉറപ്പാക്കാൻ യുഎസ് ബാധ്യസ്ഥമാണ്. ചൈനയുടെ വർധിച്ച സൈനിക പ്രകോപനങ്ങൾക്കിടയിലാണ് ഈ തീരുമാനം.
ചൈനയുടെ വിദേശകാര്യ മന്ത്രാലയം ഇടപാടിനെ രൂക്ഷമായി വിമർശിച്ചു. “തായ്‌വാൻ സ്വാതന്ത്ര്യത്തെ പിന്തുണച്ച് ആയുധം നൽകുന്നത് യുഎസിന് തന്നെ തിരിച്ചടിയാകും” എന്ന് വക്താവ് പ്രതികരിച്ചു. തായ്‌വാൻ കടലിടുക്കിലെ സ്ഥിരം സൈനിക നീക്കങ്ങൾക്കിടയിൽ ഈ ഇടപാട് ചൈനയെ കൂടുതൽ പ്രകോപിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
യുഎസ്-ചൈന വ്യാപാര ചർച്ചകൾ നടക്കുന്നതിനിടെയാണ് ഈ നീക്കം. തായ്‌വാനെ ആക്രമിക്കരുതെന്ന നിലപാട് ഉറപ്പിച്ചുകൊണ്ട് പ്രതിരോധ സഹകരണം ശക്തമാക്കുന്നതോടെ ഏഷ്യാ പസഫിക് മേഖലയിലെ സമാധാനം നിലനിർത്താനുള്ള യുഎസ് ശ്രമമാണ് ഇതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.













