ഈ വർഷം അമേരിക്കക്കാർ ഏറ്റവും കൂടുതൽ ചർച്ചചെയ്തത് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ പുതിയ തീരുമാനങ്ങളും അതിന്റെ പ്രതിഫലനങ്ങളുമായിരിക്കും . രാഷ്ട്രീയത്തിന് അപ്പുറം 2025ൽ അമേരിക്ക ഏറ്റവും ചർച്ച ചെയ്തത് ഏതൊക്കെ വാർത്തകളായിരുന്നു . 2025 ലെ വാർത്താ അമേരിക്കയിലേക്ക് ഒരു തിരിഞ്ഞുനോട്ടം
ലോസാഞ്ചൽസിലെ കാട്ടു തീ
2025 ജനുവരി 7 ന് ലോസാഞ്ചൽസ് കൗണ്ടിയിലെ പാലിസേഡ്‌സിലും ഈറ്റണിലും ഉണ്ടായ തീപിടുത്തത്തിൽ കുറഞ്ഞത് 29 പേർ കൊല്ലപ്പെടുകയും നിരവധി വീടുകളും കെട്ടിടങ്ങളുംകത്തിനശിക്കുകയും ചെയ്തു. കഠിനമായ വരൾച്ചയും സാന്താ അന്ന എന്ന കാറ്റുമായിരുന്നു തീപിടുത്തം ഇത്ര രൂക്ഷമാക്കിയത്. , പസഫിക് പാലിസേഡ്സിൽ കാട്ടുതീക്ക് കാരണക്കാരനായ ജോനാഥൻ റിൻഡർക്നെക്റ്റിനെ ഒക്ടോബറിൽ അറസ്റ്റ് ചെയ്തു. അയാൾ അയാളുടെ വീടിനു പരിസരത്ത് ഇട്ട ചെറിയ ഒരു തീയാണ് വലിയ ദുരന്തമായി മാറിയത്.
തുടരെയുള്ള 3 വിമാന അപകടങ്ങൾ
ജനുവരി 29-ന്, വാഷിംഗ്ടൺ ഡി.സി.യിലെ റൊണാൾഡ് റീഗൻ വാഷിംഗ്ടൺ നാഷണൽ എയർപോർട്ടിലേക്ക് വരികയായിരുന്ന ഒരു അമേരിക്കൻ എയർലൈൻസ് റീജണൽ ജെറ്റ്, യുഎസ് ആർമി ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് രണ്ട് ഫ്ലൈറ്റുകളും പൊട്ടോമാക് നദിയിലേക്ക് തകർന്ന് വീണ് വിമാനത്തിലുണ്ടായിരുന്ന 64 പേരും ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് സൈനികരും കൊല്ലപ്പെട്ടു.
ഡി.സി. അപകടത്തിന് രണ്ട് ദിവസങ്ങൾക്ക് ശേഷം, ഫിലാഡൽഫിയയിൽ ഒരു മെഡിക്കൽ ട്രാൻസ്പോർട്ട് ജെറ്റ് തകർന്നുവീണു. ഒരു കുട്ടിയും അമ്മയും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 6 പേരും നിലത്തുണ്ടായിരുന്ന ഒരാളും കൊല്ലപ്പെട്ടു. വിമാനം ടേക്ക് ഓഫ് ചെയ്ത് ഒരു മിനിറ്റിനുള്ളിൽ തകർന്നു വീഴുകയായിരുന്നു. അപകട കാരണം എൻടിഎസ്‌ബി പുറത്തുവിട്ടിട്ടില്ല.
ഫെബ്രുവരി 17-ന്, ടൊറന്റോ പിയേഴ്‌സൺ ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്യുന്നതിനിടെ ഒരു ഡെൽറ്റ വിമാനം റൺവേയിൽ മറിയുകയും തകരുകയും ചെയ്തു.. വിമാനത്തിലുണ്ടായിരുന്ന 80 പേരും രക്ഷപ്പെട്ടു. ഇരുപത്തിയൊന്ന് യാത്രക്കാർക്ക് പരിക്കേറ്റു, ഇതിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. വിമാനത്തിന്റെ വലതുവശത്തെ പ്രധാന ലാൻഡിംഗ് ഗിയർ പൊട്ടി തകർന്നതായിരുന്നു അപകട കാരണം.
നടൻ ജീൻ ഹാക്ക്മാൻ്റയും ഭാര്യയുടേയും മരണം
ഫെബ്രുവരി 26-ന് ന്യൂ മെക്സിക്കോയിലെ സാന്താ ഫേയിലെ വീട്ടിൽ നടൻ ജീൻ ഹാക്ക്മാനേയും ഭാര്യ ബെറ്റ്സി അരകാവേയും മരിച്ച നിലയിൽ കണ്ടെത്തി. അവരുടെ മരണകാരണം പിന്നീടാണ് പുറത്തുവന്നത്. അത് ദേശീയ തലത്തിൽ തന്നെ വലിയ ജിജ്ഞാസ ഉയർത്തിയ വാർത്തയായിരുന്നു. അപൂർവമായ പകർച്ച വ്യാധിയായ ഹാന്റവൈറസ് പൾമണറി സിൻഡ്രോം മൂലമാണ് 65 കാരിയായ അരകാവ മരിച്ചത്. എലിപോലുള്ള ജീവികളുടെ മൂത്രത്തിൽ നിന്നും മറ്റും പകരുന്ന രോഗാണുവാണ് ഹാൻ്റവൈറസ്. ഈ രോഗത്തെ കുറിച്ച് ധാരണയില്ലാതിരുന്ന അരകാവ ഫെബ്രുവരി 12-ന് മരിച്ചു. തുടർന്നാണ് അതി ദാരുണമായ സംഭവങ്ങൾ അരങ്ങേറിയത്. ഹൃദയ സംബന്ധമായ അസുഖവും കടുത്ത അൽഷിമേഴ്‌സ് രോഗവും മൂലം കഷ്ടപ്പെട്ടിരുന്ന 95 കാരനായ ഹാക്ക്മാൻ പട്ടിണികിടന്ന് ഫെബ്രുവരി 18-ന് മരിച്ചു. ഭാര്യ മരിച്ചതുപോലും അദ്ദേഹം അറിഞ്ഞിട്ടുണ്ടാവില്ല.
ക്ഷേമ പരിശോധനയ്ക്കിടെയാണ് ദമ്പതികളുടെയും അവരുടെ വളർത്ത് നായയുടേയും മരണം പുറംലോകം അറിഞ്ഞത്.
ടെക്സസിലെ വെള്ളപ്പൊക്കം
ജൂലൈ 4 ന് പുലർച്ചെയുണ്ടായ കനത്ത മഴയിൽ ടെക്സസിലെ ഹിൽ കൺട്രി മേഖലയിൽ വെള്ളപ്പൊക്കമുണ്ടാവുകയും 130 പേർ കൊല്ലപ്പെടുകയും ചെയ്തു. കെർ കൗണ്ടിയിലെ ക്യാമ്പ് മിസ്റ്റിക് എന്ന ക്രിസ്ത്യൻ ക്യാമ്പിൽ നിന്നുള്ള 24 പെൺകുട്ടികളും മരിച്ചവരിൽ പെടുന്നു. വെള്ളപ്പൊക്ക മേഖലയായ നദീതീരത്ത് സുരക്ഷ ഒട്ടുമില്ലാതിരുന്ന ക്യാബിനുകളിലാണ് കുട്ടികൾ താമസിച്ചിരുന്നത്. മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കൾ കേസ് ഫയർ ചെയ്തിട്ടുണ്ടെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല
ഷോൺ കോംബ്സിന്റെ വിചാരണ
വേശ്യാവൃത്തിയുമായി ബന്ധപ്പെട്ട കേസിൽ സംഗീത ചക്രവർത്തി ഷോൺ “ഡിഡി” കോംബ്സിനെ ശിക്ഷിച്ചതായിരുന്നു പ്രധാനവാർത്തകളിൽ ഒന്ന്. മാൻഹട്ടൻ ഫെഡറൽ കോടതിയിൽ എട്ട് ആഴ്ച നീണ്ടുനിന്ന വിചാരണ രാജ്യത്തെയാകെ പിടിച്ചുലച്ച കഥകൾ പുറത്തുകൊണ്ടുവന്നിരുന്നു. എന്നാൽ ഗുരുതരമായ സെക്സ് ട്രാഫിക്കിങ് , റാക്കറ്റിങ് തുടങ്ങിയ കേസുകളിൽ ഡിഡ്ഡിക്ക് ശിക്ഷ ലഭിച്ചില്ല.
ട്രാവിസ് ഡെക്കറിനായുള്ള തിരിച്ചിൽ
തൻ്റെ മൂന്നു ചെറിയ പെൺമക്കളെ കൊലപ്പെടുത്തിയ മുൻ സൈനികൻ ട്രാവിസ് ഡെക്കറിനായുള്ള ഒരു മാസത്തെ തിരച്ചിൽ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി.
മെയ് 30 ന് ഡെക്കർ തന്റെ മൂന്ന് പെൺമക്കളെ – പൈറ്റിൻ (9); എവ്‌ലിൻ (8); ഒലിവിയ (5). എന്നിവരെ തന്റെ മുൻ ഭാര്യയുടെ വീട്ടിൽ നിന്ന് കൊണ്ടുപോകുകയായിരുന്നു. മെയ് 31 ന് കുട്ടികളെ കാണാനില്ല എന്ന് പൊലീസ് ഖ്യാപിച്ചു. ജൂൺ 2 ന്, പെൺകുട്ടികളുടെ മൃതദേഹങ്ങൾ ഒരു ക്യാമ്പ് ഗ്രൗണ്ടിന് സമീപം കണ്ടെത്തി. ഡെക്കർ തന്റെ പെൺമക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു. എന്നാൽ ഡെക്കറെ കണ്ടെത്താനായില്ല.
“വിപുലമായ പരിശീലനം” നേടിയ മുൻ സൈനികനായ ഡെക്കറിനായി വിവിധ ഏജൻസികൾ വ്യാപക തിരച്ചിൽ നടത്തി. എന്നാൽ ഡെക്കറിനെ ജീവനോടെ കണ്ടെത്തിയില്ല. സെപ്റ്റംബർ 18 ന്, ഡെക്കറുടെ മൃതദേഹ അവശിഷ്ടങ്ങൾ ഒരു വിദൂര, വനപ്രദേശത്ത് കണ്ടെത്തി. അവശിഷ്ടങ്ങൾ വളരെ കുറച്ച് മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നതിനാൽ പോസ്റ്റ്‌മോർട്ടം നടത്താൻ കഴിഞ്ഞില്ല.
ചാർളി കർക്ക് കൊല്ലപ്പെട്ടു
സെപ്റ്റംബർ 10 ന്, യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ തന്റെ ഔട്ട്ഡോർ പരിപാടിയുടെ മധ്യത്തിൽ കൺസർവേറ്റീവ് ആക്ടിവിസ്റ്റ് ചാർളി കർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു.
31 കാരനായ കർക്ക്, യാഥാസ്ഥിതിക യുവ ആക്ടിവിസ്റ്റ് സംഘടനയായ ടേണിംഗ് പോയിന്റ് യുഎസ്എയുടെ സ്ഥാപകനായിരുന്നു, കോളേജ് കാമ്പസുകളിലെ വിദ്യാർത്ഥികളുമായി ചൂടുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ ക്ഷണിച്ച അദ്ദേഹത്തിന്റെ “ദി അമേരിക്കൻ കംബാക് ടൂറിന്റെ” ആദ്യ പരിപാടിയിൽ തന്നെ കൊല്ലപ്പെടുകയായിരുന്നു.
പ്രതിയായ, 22 വയസ്സുള്ള ടൈലർ റോബിൻസൺ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലുംസെപ്റ്റംബർ 11 ന് രാത്രി റോബിൻസൺ പിടിയിലായി. ചാർളി കിർക്കിന്റെ ഭാര്യ എറിക്ക കർക്ക് താൻ കൊലയാളിയായ റോബിൻസണോട് ക്ഷമിച്ചിരിക്കുന്നു എന്ന് അറിയിച്ചു.
റോബ് റെയ്‌നറും മിഷേൽ സിംഗർ റെയ്‌നറും കൊല്ലപ്പെട്ടു
ഡിസംബർ 14 ന്, പ്രശസ്ത ഹോളിവുഡ് സംവിധായകൻ റോബ് റെയ്‌നറും ഭാര്യ മിഷേൽ സിംഗർ റെയ്‌നറും ലോസ് ഏഞ്ചൽസിലെ അവരുടെ വീട്ടിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി.മണിക്കൂറുകൾക്ക് ശേഷം, സംശയിക്കപ്പെടുന്നയാളായ ദമ്പതികളുടെ 32 വയസ്സുള്ള മകൻ നിക്ക് റെയ്‌നറെ കസ്റ്റഡിയിലെടുത്തു.
മാതാപിതാക്ക് ഒപ്പം താമസിച്ചിരുന്ന നിക്ക് റെയ്‌നറിനെതിരെ രണ്ട് ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്,. അദ്ദേഹം കുറ്റസമ്മതം നടത്തിയിട്ടില്ല. പരമാവാധി മാവധി ജീവപര്യന്തം തടവോ വശിക്ഷയോ ലഭിക്കാവുന്ന ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.











