ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് പകരം കൊണ്ടുവരുന്ന വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (വിബി–ജി റാം ജി) ബിൽ ലോക്സഭ പാസാക്കി. ശബ്ദവോട്ടോടെയാണ് ബിൽ പാസായത്. പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധത്തിനിടെയായിരുന്നു നടപടി. ബിൽ കീറിയെറിഞ്ഞും സഭയിൽ ബഹളം വെച്ചും പ്രതിപക്ഷ അംഗങ്ങൾ രോഷം പ്രകടിപ്പിച്ചു. ബിൽ സ്ഥിരം സമിതിക്ക് വിടണമെന്ന ആവശ്യം അംഗീകരിക്കാതെ വന്നതോടെ സഭയിൽ ബഹളം രൂക്ഷമായി. പ്രതിഷേധത്തെത്തുടർന്ന് സഭ നിർത്തിവെച്ചു.
മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കുന്നത് രാഷ്ട്രപിതാവിനോടുള്ള അനാദരവാണെന്ന് പ്രതിപക്ഷം വിമർശിച്ചു. കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി, ഡിഎംകെയുടെ ടി.ആർ. ബാലു, എസ്പിയുടെ ധർമേന്ദ്ര യാദവ് തുടങ്ങിയവർ ബില്ലിനെതിരെ സംസാരിച്ചു. സംസ്ഥാനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്നതാണ് ബില്ലെന്നും ആരോപണമുണ്ട്. തൊഴിൽ ദിനങ്ങൾ 100ൽനിന്ന് 125 ആക്കിയെങ്കിലും ഫണ്ടിങ് പാറ്റേൺ മാറ്റി സെന്ററിന്റെ ഷെയർ കുറച്ചത് വിമർശനവിധേയമായി.
ചർച്ചയ്ക്ക് മറുപടി പറഞ്ഞ ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ ബില്ലിനെ ന്യായീകരിച്ചു. കോൺഗ്രസ് കാലത്ത് പല പദ്ധതികൾക്കും നെഹ്റുവിന്റെ പേര് നൽകിയെന്ന് ചൂണ്ടിക്കാട്ടി. ബിൽ കീറിയെറിഞ്ഞതിനെ സ്പീക്കർ ഓം ബിർല രൂക്ഷമായി വിമർശിച്ചു. ബിൽ ഇനി രാജ്യസഭയിൽ പരിഗണിക്കും.












