ഇഎംഎസിനും കെആർ നാരായണനുമൊപ്പം ഗവർണറുടെ ലോക്‌ഭവൻ കലണ്ടറിൽ സവർക്കറുടെ ചിത്രവും; വിമർശനം ശക്തം

ഇഎംഎസിനും കെആർ നാരായണനുമൊപ്പം ഗവർണറുടെ ലോക്‌ഭവൻ കലണ്ടറിൽ സവർക്കറുടെ ചിത്രവും; വിമർശനം ശക്തം

തിരുവനന്തപുരം: കേരള ലോക്‌ഭവൻ പുറത്തിറക്കിയ 2026 ലെ കലണ്ടറിൽ ഹിന്ദു മഹാസഭാ നേതാവ് വി.ഡി. സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയതിൽ വിവാദം. ഇഎംഎസ് നമ്പൂതിരിപ്പാട്, കെ ആർ നാരായണൻ, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള കലണ്ടറിൽ ഫെബ്രുവരി മാസത്തിന്റെ പേജിലാണ് സവർക്കറുടെ ചിത്രമുള്ളത്. ചന്ദ്രശേഖർ ആസാദ്, ഡോ. രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഒപ്പമുണ്ട്. പേജിന്റെ പ്രധാന ചിത്രമായി മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പോർട്രെയും ഇടംപിടിച്ചിട്ടുണ്ട്.

കേരളത്തിന്റെ സാഹിത്യം, സിനിമ, സാംസ്കാരികം, ചരിത്രം തുടങ്ങിയ മേഖലകളിലെ പ്രമുഖരുടെ ചിത്രങ്ങളാണ് കലണ്ടറിന്റെ മുഖ്യ ആകർഷണം. ഇഎംഎസ് നമ്പൂതിരിപ്പാട്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ, സുഗതകുമാരി, കെപിഎസി ലളിത, ആറന്മുള പൊന്നമ്മ, ലളിതാംബിക അന്തർജനം, മന്നത്ത് പത്മനാഭൻ, ഭരത്ഗോപി തുടങ്ങി നിരവധി കേരളീയ വ്യക്തിത്വങ്ങളുടെ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യസമരം, സാമൂഹിക പരിഷ്കരണം, കലാരംഗം എന്നിവയിലെ സംഭാവനകൾ പരിഗണിച്ചാണ് വ്യക്തികളെ തിരഞ്ഞെടുത്തതെന്ന് ലോക്‌ഭവൻ അധികൃതർ വിശദീകരിക്കുന്നു. കലണ്ടർ സാധാരണയായി നിയമസഭാംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും വിതരണം ചെയ്യാറുണ്ട്. കേരളത്തിൽ വി ഡി സവർക്കർക്ക് എന്ത് പ്രസക്തി എന്ന ചോദ്യമാണ് വിമർശകർ ഉയർത്തുന്നത്.

Share Email
LATEST
More Articles
Top