മോസ്കോ: എത്രയും വേഗം യുദ്ധം സമാധാനപരമായി അവസാനിപ്പിക്കാൻ യുക്രെയ്‌ന് താൽപര്യമില്ലെന്ന3ണ് മനസിലാക്കുന്നതെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. യുദ്ധം സമാധാനപരമായി അവസാനിപ്പിക്കാൻ യുക്രെയ്‌ന് താൽപര്യമില്ലെങ്കിൽ ‘പ്രത്യേക സൈനിക നടപടി’യുടെ എല്ലാ ലക്ഷ്യങ്ങളും റഷ്യ നേടിയെടുക്കുമെന്ന് വാർത്താ ഏജൻസിയായ ടാസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
യുദ്ധം അവസാനിപ്പിക്കുന്നത് ചർച്ച ചെയ്യാൻ യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ഇന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്‌ച നടത്താനിരിക്കെയാണ് പുട്ടിന്റെ പ്രസ്താവന. ശനിയാഴ്ച പുലർച്ചെ റഷ്യ നടത്തിയ ആക്രമണത്തിൽ കീവിൽ മണിക്കൂറുകളോളം സ്ഫോടനങ്ങൾ നടന്നു. 47 വയസ്സുള്ള ഒരു വനിത കൊല്ലപ്പെട്ടു. 2 കുട്ടികളടക്കം 22 പേർക്ക് പരുക്കേറ്റു.
അഞ്ഞൂറിലേറെ ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. വൈദ്യുതി നിലയങ്ങൾ തകർത്തതിനാൽ പല ജില്ലകളും ഇരുട്ടിലായി.
ട്രംപുമായി ചർച്ച നടത്താൻ സെലെൻസ്കി പുറപ്പെട്ടതിനു പിന്നാലെയാണ് റഷ്യയുടെ ആക്രമണമുണ്ടായത്. യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് താൽപര്യമില്ലെന്നതിന്റെ തെളിവാണ് പുതിയ ആക്രമണമെന്ന് സെലെൻസ്കി ആരോപിച്ചിരുന്നു.
അതേസമയം, യുക്രെയ്‌നിൽ ശാശ്വതമായ സമാധാനം സ്ഥാപിക്കുന്നതിന് ‘സന്നദ്ധതയുള്ള ഒരു റഷ്യയെ’ ആവശ്യമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനി പറഞ്ഞു. യുക്രെയ്‌നിൽ കഴിഞ്ഞ ദിവസം റഷ്യ നടത്തിയ ആക്രമണത്തെ അദ്ദേഹം അപലപിച്ചു.
Vladimir Putin’s big warning ahead of Trump-Zelensky meet













