വ്‌ളാഡിമിർ പുടിൻ്റെ ഇന്ത്യ സന്ദർശനം: ലക്ഷ്യങ്ങൾ പലത്, അമേരിക്കക്ക് പുടിൻ നൽകുന്ന സന്ദേശം എന്തായിരിക്കും?

വ്‌ളാഡിമിർ പുടിൻ്റെ ഇന്ത്യ സന്ദർശനം: ലക്ഷ്യങ്ങൾ പലത്,  അമേരിക്കക്ക് പുടിൻ നൽകുന്ന സന്ദേശം എന്തായിരിക്കും?

ന്യൂഡല്‍ഹി: 23-ാമത് ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി റഷ്യന്‍ പ്രസിഡന്റ് വളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി. വ്യാഴാഴ്ച വൈകുന്നേരം 6.35-നാണ് റഷ്യന്‍ പ്രസിഡന്റിനെ വഹിച്ചുകൊണ്ടുള്ള വിമാനം ഡല്‍ഹിയിലെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. 2021-ന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ച ശേഷം നടക്കുന്ന ആദ്യ സന്ദര്‍ശനം കൂടിയാണിത്. ഇന്ത്യക്കുനേരേയുള്ള തീരുവയുദ്ധം യുഎസ് തുടരുന്നതിനിടയാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ രണ്ടുദിവസത്തെ സന്ദർശനം

നിരവധി ബിസിനസ് നേതാക്കളുടെ ഒരു വലിയ പ്രതിനിധി സംഘവും പുടിനെ അനുഗമിക്കുന്നുണ്ട്. റഷ്യയുടെ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യയ്ക്കുമേൽ അമേരിക്ക സമ്മർദ്ദം വർദ്ധിപ്പിച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഡൽഹിയും മോസ്കോയും നിരവധി കരാറുകളിൽ ഒപ്പുവെക്കാൻ പോകുന്നത് എന്നത് ശ്രദ്ധേയമാണ്.

യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം റഷ്യയുമായും ഉക്രെയ്‌നുമായും നിരവധി ചർച്ചകൾ നടത്തുന്നതിനിടയിലാണ് പുടിൻ ഇന്ത്യയിലേക്ക് പറന്നത് എന്നതും ശ്രദ്ധേയം.

പ്രതിരോധം, സൈനികേതര ആണവോർജം, വ്യാപാരം തുടങ്ങിയ രംഗങ്ങളിൽ പരസ്പര സഹകരണം വർധിപ്പിക്കുന്നതിനുള്ള ധാരണകൾ കൂടിക്കാഴ്ചയിൽ ഉണ്ടാകുമെന്നാണ്‌ സൂചന. ഉഭയകക്ഷിവ്യാപാരം 2023-ഓടെ 10,000 കോടി ഡോളറായി (ഒമ്പതുലക്ഷം കോടി രൂപ) ഉയർത്താനാണ് ഇന്ത്യയും റഷ്യയും ലക്ഷ്യമിടുന്നത്.

ഇന്ത്യയുമായുള്ള ബന്ധം ക്രെംലിനിന് എന്തുകൊണ്ടും നിർണായകമാണ്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ.

അതിനാൽ തന്നെ റഷ്യൻ ഉൽപ്പന്നങ്ങൾക്കും വിഭവങ്ങൾക്കും, പ്രത്യേകിച്ച് എണ്ണയ്ക്ക്, വളരെ ആകർഷകമായ ഒരു വിപണിയാണ് ഇന്ത്യ.

ലോകത്തിലെ മൂന്നാമത്തെ വലിയ അസംസ്കൃത എണ്ണ ഉപഭോക്താവാണ് ഇന്ത്യ, റഷ്യയിൽ നിന്ന് വലിയ അളവിൽ വാങ്ങുന്നുമുണ്ട്. പണ്ട് അങ്ങനെയായിരുന്നില്ല. ക്രെംലിൻ യുക്രെയ്‌നിനെ ആക്രമിക്കുന്നതിന് മുമ്പ്, ഇന്ത്യ 2.5% എണ്ണ മാത്രമേ റഷ്യയിൽ നിന്ന് വാങ്ങിയിരുന്നുള്ളു.

മോസ്കോയ്‌ക്കെതിരായ ഉപരോധങ്ങളും യൂറോപ്യൻ വിപണിയിലേക്കുള്ള റഷ്യയുടെ പരിമിതമായ പ്രവേശനവും മൂലം റഷ്യ പ്രഖ്യാപിച്ച വില കിഴിവുകൾ ഇന്ത്യ പ്രയോജനപ്പെടുത്തിയതോടെ ആ കണക്ക് 35% ആയി ഉയർന്നു.

ഇന്ത്യ സന്തോഷിച്ചു. എന്നാൽ അമേരിക്കക്ക് ഇത് ഒട്ടും രസിച്ചില്ല.

ഒക്ടോബറിൽ, ട്രംപ് ഭരണകൂടം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% അധിക തീരുവ ചുമത്തി, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ, യുദ്ധത്തിന് ധനസഹായം നൽകാൻ ഇന്ത്യ സഹായിക്കുന്നുവെന്ന് വാദിച്ചു. റഷ്യൻ എണ്ണയ്ക്കുള്ള ഇന്ത്യയിൽ നിന്നുള്ള ഓർഡറുകൾ പിന്നീട് കുറഞ്ഞു. എന്നാൽ ഇന്ത്യ വാങ്ങുന്നത് തുടരാൻ പ്രസിഡന്റ് പുടിൻ സമ്മർദം ചെലുത്തും എന്ന് ഉറപ്പ്.

മോസ്കോയെ സംബന്ധിച്ചിടത്തോളം, ഇന്ത്യയിലേക്കുള്ള ആയുധ വിൽപ്പന മറ്റൊരു മുൻഗണനയാണ്, സോവിയറ്റ് കാലം മുതൽ തുടരുന്നതാണ് ഈ ആയുധ ഇടപാട്. പുടിന്റെ സന്ദർശനത്തിന് മുമ്പ്, അത്യാധുനിക റഷ്യൻ യുദ്ധവിമാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും വാങ്ങാൻ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തൊഴിലാളി ക്ഷാമം നേരിടുന്ന റഷ്യ, ഇന്ത്യയെ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ വിലപ്പെട്ട ഉറവിടമായും കാണുന്നു.

കൂടാതെ ഇവിടെ ഭൗമരാഷ്ട്രീയത്തിനും പ്രാധാന്യമുണ്ട്.

ഉക്രെയ്നിലെ യുദ്ധത്തിന്റെ പേരിൽ റഷ്യയെ ഒറ്റപ്പെടുത്താനുള്ള പാശ്ചാത്യ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്ന് തെളിയിക്കേണ്ടത് റ്ഷ്യയുടെ ഉത്തരവാദിത്വമാണ്. ഇന്ത്യയിലേക്ക് പറന്ന് പ്രധാനമന്ത്രി മോദിയെ കാണുന്നത് അതിനുള്ള ഒരു മാർഗമാണ്.

മൂന്ന് മാസം മുമ്പ് പുടിൻ ചൈനയിലേക്ക് പോയതും ഷി ജിൻപിങ്ങുമായി ചർച്ച നടത്തിയതും ലോകം ശ്രദ്ധിച്ചിരുന്നു. അതേ യാത്രയിൽ അദ്ദേഹം മോദിയേയും കണ്ടിരുന്നു. യുക്രെയ്നിലെ യുദ്ധംനിലനിൽക്കുമ്പോഴും , “ബഹുധ്രുവ ലോകം” എന്ന ആശയത്തെ പിന്തുണയ്ക്കുന്ന ശക്തമായ സഖ്യകക്ഷികൾ റഷ്യക്കുണ്ട് വ്യക്തമായ സന്ദേശം മൂന്ന് നേതാക്കളുടെയും പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കുന്നതിന്റെ ചിത്രം നൽകിയിരുന്നു.

Share Email
LATEST
More Articles
Top