തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇലക്ട്രിക് ബസ് സർവീസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് മറുപടിയുമായി മേയർ വി.വി. രാജേഷ്. ഇലക്ട്രിക് ബസ് സർവീസ് നടത്തുന്നതിനായി 2023-ൽ ഉണ്ടാക്കിയ കരാർ വ്യവസ്ഥകൾ കെഎസ്ആർടിസി പാലിക്കണമെന്നാണ് നഗരസഭയുടെ ആവശ്യമെന്ന് മേയർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. റൂട്ട് നിശ്ചയിക്കുന്നതിലും ലാഭവിഹിതം പങ്കുവെക്കുന്നതിലും കരാർ ലംഘനം നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ബസുകൾ തിരികെ നൽകാൻ തയ്യാറാണെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കും മേയർ മറുപടി നൽകി. ബസുകൾ തിരികെ വാങ്ങാൻ കോർപ്പറേഷൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ ബസുകൾ നിർത്തിയിടാൻ കോർപ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ടെന്നും കെഎസ്ആർടിസി സ്റ്റാൻഡിൽ തന്നെ വേണമെന്ന വാശിയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. പീക്ക് ടൈമിൽ ബസുകൾ സിറ്റിയിൽ തന്നെ വേണമെന്ന വ്യവസ്ഥ ലംഘിച്ച് നഗരസഭയുടെ പരിധിക്ക് പുറത്തേക്ക് സർവീസ് നടത്തുന്നത് അംഗീകരിക്കാനാവില്ല.
മുൻ മേയർ ആര്യ രാജേന്ദ്രൻ തന്നെ ഇക്കാര്യത്തിൽ കരാർ ലംഘനം നടന്നതായി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് വി.വി. രാജേഷ് ഓർമ്മിപ്പിച്ചു. എൽഡിഎഫ് ഭരണസമിതി ഒപ്പിട്ട കരാർ പാലിക്കണമെന്ന് മാത്രമാണ് താൻ ആവശ്യപ്പെടുന്നത്. ബസുകളുടെ ബാറ്ററി മാറ്റാനുള്ള സമയമായെന്നും 70 ശതമാനം തുകയും ബാറ്ററിക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമവിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മേയർ കൂട്ടിച്ചേർത്തു.












