തിബിലിസി: ജോർജിയയിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്കെതിരെ പോലീസ് ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലെ രാസായുധം പ്രയോഗിച്ചതായി ബി.ബി.സി. അന്വേഷണ റിപ്പോർട്ട്. 2024-ൽ നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താനായി പോലീസ് പ്രയോഗിച്ച ജലപീരങ്കികളിൽ ബ്രോമോബെൻസൈൽ സയനൈഡ് (കാമൈറ്റ്) എന്ന വിഷാംശമുള്ള സംയുക്തം കലർത്തിയിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രക്ഷോഭകർ, ഡോക്ടർമാർ, രാസായുധ വിദഗ്ധർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബി.ബി.സി. ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഒന്നാം ലോകമഹായുദ്ധസമയത്ത് ഫ്രഞ്ച് സൈന്യം ഉപയോഗിച്ചിരുന്ന കാമൈറ്റ്, സാധാരണ കണ്ണീർ വാതകമായ സി.എസ്. ഗ്യാസിനെക്കാൾ വളരെ ശക്തമായതും അപകടകാരിയുമാണ്. ഇത് ത്വക്കിൽ പൊള്ളലുണ്ടാക്കുകയും കണ്ണിനും ശ്വാസകോശ വ്യവസ്ഥയ്ക്കും ഗുരുതരമായ ദോഷം വരുത്തുകയും ചെയ്യും. പ്രക്ഷോഭകർക്ക് കഠിനമായ കണ്ണിന് എരിച്ചിൽ, ശ്വാസതടസ്സം, ഛർദ്ദി, ഹൃദയമിടിപ്പിലെ ക്രമക്കേടുകൾ എന്നിവ അനുഭവപ്പെട്ടതായി ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. പലർക്കും ഈ ലക്ഷണങ്ങൾ ആഴ്ചകളോളം നീണ്ടുനിന്നതായും റിപ്പോർട്ടിൽ പറയുന്നു. 1930-കൾക്ക് ശേഷം ഈ രാസായുധത്തിന്റെ ഉപയോഗം നിർത്തലാക്കിയതാണെന്നും, ഇതിന്റെ പുനരുപയോഗം അതീവ അപകടകരമാണെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
അതേസമയം, ബി.ബി.സി. റിപ്പോർട്ട് ‘അസംബന്ധ’വും ‘ഗൗരവമില്ലാത്തതു’മാണെന്ന് ജോർജിയൻ ഭരണകക്ഷിയായ ജോർജിയൻ ഡ്രീം പാർട്ടി തള്ളിപ്പറഞ്ഞു. പോലീസ് നിയമപരമായിട്ടാണ് പ്രവർത്തിച്ചതെന്നും, മാധ്യമങ്ങൾ രാഷ്ട്രീയ പ്രചാരണ ഉപകരണമായി മാറിയെന്നും അവർ ആരോപിച്ചു. കൂടാതെ, ബി.ബി.സിക്കെതിരെ അന്താരാഷ്ട്ര കോടതിയിൽ കേസ് കൊടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. റിപ്പോർട്ടിലെ വിവരങ്ങൾ പരിശോധിച്ച്, ഉദ്യോഗസ്ഥർ അധികാര ദുർവിനിയോഗം നടത്തിയോ എന്ന് അന്വേഷിക്കാൻ ജോർജിയൻ സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.








